Emirates Fine

TOPICS COVERED

വിമാന യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് റജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യമേർപ്പെടുത്തി താമസകുടിയേറ്റ വകുപ്പ്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റിലാണ് പുതിയ സേവനം അവതരിപ്പിച്ചത്.  

വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടി സമയം കുറയ്ക്കാനും വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കാനും സഹായിക്കുന്ന സംവിധാനമാണ് സ്മാർട് ഗേറ്റ്. യാത്രക്കാർക്ക് ഈ സൗകര്യം ഉപയോഗിക്കാൻ യോഗ്യതയുണ്ടോയെന്ന് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് പുതുതായി താമസകുടിയേറ്റ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വെബ് സൈറ്റിൽ ഇൻക്വയറി ഫോർ സ്മാർട്ട് രജിസ്ട്രേഷൻ എന്ന പേരിലുളള പുതിയ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് ഗേറ്റ് റജിസ്ട്രേഷൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാം.

സ്മാർട്ട് ഗേറ്റ് റജിസ്ട്രേഷൻ പരിശോധനാ ലിങ്കിൽ ക്ലിക്ക് ചെയ്ത് പാസ്പോർട്ട് നമ്പറോ വീസ നമ്പറോ എമിറേററ്സ് ഐഡി വിവരങ്ങളോ നൽകി സേവനം ഉപയോഗിക്കാം. സേവനം തീർത്തും സൗജന്യമാണെന്നും  അധികൃതർ വ്യക്തമാക്കി. യുഎഇ പൗരന്മാർ, ജിസിസി പൗരന്മാർ, ദുബായ് റസീഡൻസ് വീസ ഉടമകൾ എന്നിവർക്കാണ് സ്മാർട്ട് ഗേറ്റ് ഉപയാോഗിക്കാനാവുക. ലോകത്തിലെ ഏറ്റവും തിരക്കേറിയ  വിമാനത്താവളങ്ങളിൽ ഒന്നായ  ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 127 സ്മാർട്ട്‌ ഗേറ്റുകളുണ്ട്.  കഴിഞ്ഞവർഷം രണ്ടുകോടിയിലേറെപേരാണ് ഇവിടെ സ്മാർട് ഗേറ്റ് ഉപയോഗിച്ചത്.

ENGLISH SUMMARY:

Passengers can check their registration status at the smart gates well before they arrive at the airport