അമേരിക്ക അഫ്ഗാന്‍ ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ സൈനിക വിമാനങ്ങളുടെ ചിറകുകളില്‍ പോലും കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ ഇന്നും മായാത്ത ഒരു ചിത്രമാണ്.‌‌‌ താലിബാന്‍ വേട്ടയാടുമെന്ന് ഉറപ്പിച്ച് രാജ്യത്തു നിന്ന് പലായനം ചെയ്തത് 64ലക്ഷം പേരാണ് . ആ പലായനത്തിന് ഇന്ന് മൂന്നുവയസ് തികയുന്നു.

അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങാനുറച്ചപ്പോള്‍ തന്നെ കാബൂള്‍ താലിബാന്‍റെ അധീനതയിലായിരുന്നു. ഏകദേശം 20 വര്‍ഷം ആര്‍ക്കെതിരെ പോരാടിനിന്നോ അവര്‍ക്കുതന്നെ അധികാരം നല്‍കിയാണ് അമേരിക്ക പിന്‍മാറിയത് .

2021 ഓഗസ്റ്റ് 15ന് അധികാരം ഏറ്റെടുത്ത് എറേ വൈകാതതന്നെ താലിബാന്‍ ഇസ്ലാമിക രാഷ്ട്രമായി അഫ്ഗാനെ പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീകൾക്ക് അതുവരെ രാജ്യം ഉറപ്പാക്കിയരുന്ന അവകാശകങ്ങള്‍ സാവധാനം നിഷേധിക്കപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ പിന്‍വലിച്ചു. ആണുങ്ങളുടെ കൂടെയല്ലാതെ പെണ്ണുങ്ങൾ പുറത്തിറങ്ങുന്നതിനും നിരോധനം. സ്ത്രീകൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകേണ്ടെന്ന തിട്ടൂരവും പിന്നാലെയെത്തി.

താലിബാൻ അധികാരം കൈയ്യടക്കിയത് മുതൽ തുടങ്ങിയ കൂട്ടപ്പലായനം ഇപ്പോഴും തുടരുന്നുണ്ട്. താലിബാന്റെ വരവിന്റെ ആദ്യ ഘട്ടത്തിൽ അഫ്ഗാൻ വിട്ടുപോകുന്ന അമേരിക്കൻ സൈനിക വിമാനങ്ങളിൽ കയറിക്കൂടാൻ ജനങ്ങൾ തിക്കിത്തിരക്കുന്നതും വിമാനങ്ങളിൽ നിന്ന് വീണുമരിക്കുന്നതും നമ്മൾ നിസഹായരായി കണ്ടുനിന്നു. കാരണം പഴയ താലിബാൻ പൂർവാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന് അവർക്ക് ഉറപ്പായിരുന്നു.

താലിബാൻ രൂപീകൃതമായത് 1994ലാണ്. 1996ൽ കാബൂൾ പിടിച്ചടക്കിയപ്പോഴും ഇതേ നയമായിരുന്നു താലിബാന്‍റേത്. അന്നും സ്ത്രീവിരുദ്ധ നിയമങ്ങൾ നടപ്പാക്കി. സ്ത്രീകള്‍ തല മുതൽ കാൽ വരെ മറയുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഒറ്റയ്ക്ക് യാത്രപാടില്ലെന്നുമുള്ള നിര്‍ദേശം അന്നുമുണ്ടായിരുന്നു. പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിയന്ത്രണവും, ടെലിവിഷൻ, സംഗീതം എന്നിവയ്ക്ക് നിരോധനവും അന്ന് എര്‍പ്പെടുത്തി. ഇതുപാലിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പലായനം മാത്രമായിരുന്നു അന്നും വഴി

ENGLISH SUMMARY:

Taliban marks three years since return to power in Afghanistan