ദുബായിൽ പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഈ മാസം 30 മുതൽ റൂട്ടുകൾ പ്രവർത്തനക്ഷമമാകും. അരമണിക്കൂർ ഇടവിട്ട് എല്ലാ റൂട്ടുകളിലും സർവീസുണ്ടായിരിക്കും.
നിലവിലുള്ള റൂട്ട് 31ന് പകരം എഫ് 39, എഫ് 40 എന്നിങ്ങനെ രണ്ട് പുതിയ റൂട്ടുകളിലായിരിക്കും ഇനി മുതൽ ബസ് സർവീസ് ഉണ്ടാകുക. എഫ് 39 ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ഊദ് അൽ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ്പ് 1 വരെയും തിരിച്ചും സഞ്ചരിക്കും. അതേസമയം ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ്, സ്ട്രീറ്റ് 78, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമായിരിക്കും എഫ്40 റൂട്ടിലെ സർവീസ്.
റൂട്ട് എഫ് 56ന് പകരം എഫ് 58, എഫ് 59 എന്നിങ്ങനെ രണ്ട് പുതിയ റൂട്ടുകളും വരും. റൂട്ട് എഫ് 58 അൽ ഖൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇന്‍റര്‍നെറ്റ് സിറ്റിയിലേയ്ക്കും തിരിച്ചും സർവീസ് നടത്തും. എഫ്59 ദുബായ് ഇൻ്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് നോളജ് വില്ലേജിലേയ്ക്കും തിരിച്ചും പ്രവർത്തിക്കും.
യാത്രക്കാർ മാറ്റങ്ങൾ ശ്രദ്ധിച്ച് യാത്രകൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യണമെന്ന് ആർടിഎ നിർദേശിച്ചു. ഒരു ഇൻ്റർസിറ്റി റൂട്ട് ഉൾപ്പെടെ മറ്റ് ഒട്ടേറെ റൂട്ടുകളിലെ സേവനങ്ങളും ഈ മാസം മുപ്പതോടെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആർടിഎ അറിയിച്ചു.