ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് സന്തോഷവാർത്തയുമായി യു.എ.ഇയുടെ ദേശീയവിമാന സർവീസ് ആയ ഇത്തിഹാദ് എയർവേയ്സ്. വിമാനനിരക്കിൽ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചതിന്റെ 20 വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഇളവ്.
2004 സെപ്റ്റംബർ 26നാണ് ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചത്. മുംബൈയിലേക്കായിരുന്നു ആദ്യ സർവീസ്. ഇതിനെ അനുസ്മരിച്ച് മുംബൈയിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം എയർബസ് എ380യുടെ സർവീസ് ആരംഭിച്ചാണ് ഇത്തിഹാദ് എയർവേഴ്സ് ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചതിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. വർഷാവസാനം വരെ ഈ സർവീസ് തുടരും. ഇതിന് പിന്നാലെയാണ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇരുപത് ശതമാനം ഇളവ് പ്രഖ്യാപിച്ചത്.
ഈ മാസം 21നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 15 വരെയുള്ള യാത്രകൾക്കാണ് ഇത് ബാധകമെന്നും ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ഇത്തിഹാദ് ഡോട് കോം (etihad.com) വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഇന്ത്യയിലേക്ക് പുതിയ 2 സർവീസും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26-ന് മുംബൈയിലേക്കും ഡിസംബർ 1-ന് ന്യൂഡൽഹിയിലേക്കുമാണ് സർവീസുകൾ ആരംഭിക്കുന്നത്.
ഇത്തിഹാദിൻ്റെ തന്ത്രപ്രധാനമായ വിപണിയാണ് ഇന്ത്യയെന്നും ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചതിന്റെ 20 വർഷം ആഘോഷിക്കുന്നതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും ഇത്തിഹാദ് എയർവേയ്സ് സിഇഒ അറ്റനാൾഡോ നേവിസ് പറഞ്ഞു. 2004-ൽ ഇത്തിഹാദ് മുംബൈയിലേക്ക് സർവീസ് ആരംഭിച്ചപ്പോൾ, അത് ഇത്തിഹാദിൻ്റെ എട്ടാമത്തെ ആഗോള ലക്ഷ്യസ്ഥാനമായിരുന്നു.
ഇന്ന് 80 ഇടങ്ങളിലേക്ക് ഇത്തിഹാദ് സർവീസ് നടത്തുന്നുണ്ടെന്നും 2030 ഓടെ അത് 125 ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയിലെ പതിനൊന്ന് വിമാനത്താവളങ്ങളിലേക്കായി ആഴ്ചയിൽ 176 സർവീസുകളാണ് ഇത്തിഹാദ് എയർവേയ്സ് നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സർവീസുണ്ട്.