യുഎഇ – ഇന്ത്യ സെക്ടറില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജിന്‍റെ അളവ് കുറച്ച നടപടി പിന്‍വലിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ന് രാത്രി 12 മണിക്കുശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ പഴയതുപോലെ 30 കിലോ ബാഗേജ് അനുവദിക്കും. ഓഗസ്റ്റ് 19ന് ശേഷം ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന പരമാവധി ലഗേജിന്‍റെ അളവ് 20 കിലോയായി കുറച്ചിരുന്നു.
പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ലഗേജ് പരിധി വീണ്ടും 30 കിലോയായി വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നുരാവിലെ ഔദ്യോഗിക അറിയിപ്പ് നല്‍കി. വര്‍ഷത്തില്‍ എല്ലാ സമയത്തും ലാഭകരമായ സെക്ടറാണ് യുഎഇ–ഇന്ത്യ റൂട്ട്. എന്നിട്ടും യാത്രക്കാരെ കൊള്ളയടിക്കുന്ന നിലപാടാണ് എയര്‍ഇന്ത്യ എക്സ്പ്രസ് കൈക്കൊണ്ടതെന്ന് ആരോപിച്ച് മലയാളികളടക്കമുള്ള പ്രവാസികള്‍ രംഗത്തുവന്നിരുന്നു.
വെട്ടിക്കുറച്ച ബാഗേജ് പരിധി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രവാസികള്‍ എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ഒരാള്‍ക്ക് കൊണ്ടുപോകാവുന്ന ബാഗേജിന്‍റെ അളവ് 30 കിലോയായി വര്‍ധിപ്പിച്ചതിനെ പ്രവാസികള്‍ സ്വാഗതം ചെയ്തു.