യുഎഇയിൽ അടുത്ത മാസം ഇന്ധന വില കുറയും. രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിന് വിലകുറഞ്ഞ സാഹചര്യത്തിലാണ് ഇത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള എണ്ണവിപണയിലെ വിലനിരക്കാണ് യുഎഇയിലെ ഇന്ധനവിലയിലും പ്രതിഫലിച്ചത്. ഇതോടെ പെട്രോൾ ലീറ്ററിന് 24 ഫിൽസും ഡീസലിന് 18 ഫിൽസും കുറഞ്ഞു.
2022 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് യുഎഇയിൽ ഇന്ധന വില ഇത്രയും കുറയുന്നത്.. പുതുക്കിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 66 ഫിൽസായി. സ്പെഷ്യൽ പെട്രോളിന് 2 ദിർഹം 54 ഫിൽസാണ് പുതിയ നിരക്ക്. ഇ - പ്ലസിന്റെ വില 2 ദിർഹം 71 ഫിൽസ് ആയി. അതേസമയം ഡീസൽ ലീറ്ററിന് 18 ഫിൽസ് കുറഞ്ഞ് വില 2 ദിർഹം 60 ഫിൽസിൽ എത്തി. തുടർച്ചയായി ഇത് രണ്ടാം മാസമാണ് രാജ്യത്ത് പെട്രോൾ വില കുറയുന്നത്.
ഈ വർഷം ഇതുവരെ യുഎഇ പെട്രോൾ വില ആറ് തവണ കുറയ്ക്കുകയും നാല് തവണ ഉയർത്തുകയും ചെയ്തിട്ടുണ്ട്. 2015ലാണ് രാജ്യത്ത് വില നിയന്ത്രണ സംവിധാനം നിലവിൽ വന്നത്. പിന്നീട് കോവിഡ് 19നെ തുടർന്ന് 2020ൽ ഇന്ധന വില കമ്മിറ്റി ഇത് മരവിപ്പിച്ചിരുന്നെങ്കിലും 2021ൽ നിയന്ത്രണങ്ങൾ നീക്കുകയായിരുന്നു. പുതുക്കിയ നിരക്ക് അർധരാത്രി നിലവിൽ വരും. ഇന്ധന വിലയ്ക്ക് അനുസൃതമായി വിവിധ എമിറേറ്റുകളില്‍ ടാക്‌സി, ബസ് നിരക്കിലും മാറ്റം വരാറുണ്ട്.