ഇറാനില്‍ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരമുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം. ഭൂകമ്പ മാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സെംനാന്‍ പ്രവിശ്യയിലെ അറദാന്‍ ആയിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ടെഹ്റാനോളം ഈ കുലുക്കത്തിന്‍റെ വ്യാപ്തിയെത്തിയെന്നും ഇത് സ്വാഭാവികമായി സംഭവിച്ചതല്ലെന്നുമാണ് റിപ്പോര്‍ട്ട്. യുഎസ് ജിയോളജിക്കല്‍ സര്‍വെയും ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ ആദ്യമായി നടത്തിയ അണുബോംബ് സ്ഫോടനമാണിതെന്ന ആശങ്കയാണ് പരക്കുന്നത്.
ഭൂചലനമുണ്ടായി നിമിഷങ്ങള്‍ കഴിഞ്ഞതോടെ ചെറുചലനം ഇസ്രയേലില്‍ അനുഭവപ്പെട്ടു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും ആക്രമണത്തിന്‍റെ പശ്ചാത്തലവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുകയും ചെയ്തു.
'ഇറാന്‍ കഴിഞ്ഞ രാത്രിയില്‍ അവരുടെ അണുബോംബ് പരീക്ഷിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയായാണ് ബോംബ് സ്ഫോടനം നടത്തിയതെ'ന്നും കുറിക്കുന്നു. ഇറാന്‍റെ ആണവ സംഭരണികള്‍ക്കടുത്തായാണ് ഭൂചലനമുണ്ടായതെന്നതും ഭൂഗര്‍ഭ പരീക്ഷണത്തിന്‍റെ സാധ്യതകളെ ശരി വയ്ക്കുന്നുണ്ട്. ഇറാനിലെ ഭൂചലനത്തില്‍ ഇസ്രയേല്‍ ഭയന്നുവെന്നും അതാണ് ഇറാനെതിരെ തുടരാക്രമണങ്ങള്‍ക്ക് മുതിരാത്തതെന്നും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
ഭൂമിക്കടിയില്‍ നടത്തുന്ന ആണവ പരീക്ഷണങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകാമെന്നത് കൊണ്ടുതന്നെ ഒക്ടോബര്‍ അഞ്ചിനുണ്ടായ ഭൂചലനത്തെ അതീവ ഗൗരവത്തോടെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇറാന്‍റെ ആണവശേഖരം സൂക്ഷിച്ചിരിക്കുന്നതില്‍ ഒരു സ്ഥലം നഥാന്‍സിനടുത്താണെന്നും അതിനാല്‍ തന്നെ അതിനടുത്ത് 4.6 തീവ്രതയുള്ള ഭൂചലനത്തിനൊക്കെ കാരണമാകുന്ന തരത്തില്‍ ബോംബ് പരീക്ഷിച്ചുവെന്ന വാര്‍ത്ത അവിശ്വസനീയമാണെന്നും ആകെയുള്ള സുരക്ഷയെ തന്നെ അത് അപകടത്തിലാക്കാന്‍ പോന്നതാണെന്നും വിദഗ്ധര്‍ വാദിക്കുന്നു. എന്നാല്‍ 2013 ല്‍ ഉത്തര കൊറിയയില്‍ ഒരു ഭൂചലനം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതാണെന്നും വാര്‍ത്തകളില്‍ വന്നുവെന്നും 2017 ല്‍ ഇറാനിലുണ്ടായ ഭൂചലനവും ആണവ പരീക്ഷണത്തെ തുടര്‍ന്നാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നതും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാന്‍റെ പക്കല്‍ ആണവായുധമുണ്ടെന്നും അത് ലോകത്തിന് ഭീഷണിയാണെന്നുമുള്ള വാദങ്ങള്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇറാനെതിരെ ഇസ്രയേല്‍ ആണവായുധം പ്രയോഗിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞപ്പോള്‍ ആണവായുധമാണ് ഭീഷണി ആദ്യം അത് തകര്‍ക്കണമെന്നായിരുന്നു ഇസ്രയേലിന് ട്രംപിന്‍റെ ഉപദേശം.