• ആക്രമണം ഹിസ്ബുല്ല നേതാവിനെ ലക്ഷ്യമിട്ടെന്ന് സൂചന
  • യുഎന്‍ സമാധാന സേനയ്ക്ക് നേരെയും ആക്രമണം
  • നടുക്കം അറിയിച്ച് വൈറ്റ് ഹൗസ്

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടെന്ന് ലബനന്‍ ആരോഗ്യമന്ത്രാലയം. 117 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മധ്യ ബെയ്റൂട്ടിലെ ബചൂറ മേഖലയില്‍ നിന്ന് കനത്ത സ്ഫോടനശബ്ദങ്ങള്‍ കേട്ടതായി  വാര്‍ത്താഏജന്‍സികള്‍ അറിയിച്ചു.  ഗുരുതരമായി പരുക്കേറ്റവരെ  അടുത്തുള്ള അമേരിക്കന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹിസ്ബുല്ല തലവനായിരുന്ന ഹസന്‍ നസറല്ലായുടെ അടുത്ത ബന്ധുവും, ഹിസ്ബുല്ലയുടെ ഉയര്‍ന്ന റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥനുമായ വഫീഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടങ്ങളില്‍ നിന്ന് കനത്ത പുകയും തീയും ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്‍റെ ലക്ഷ്യമെന്തായിരുന്നുവെന്നതില്‍ ഇസ്രയേല്‍ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ശാന്തമായ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ബെയ്റൂട്ടില്‍ വീണ്ടും ആക്രമണമുണ്ടാകുന്നത്. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പും ഇസ്രയേല്‍ നല്‍കിയിരുന്നില്ല.  

തെക്കന്‍ ബെയ്റൂട്ടിനെ ലക്ഷ്യമിട്ടായിരുന്നു ഇതുവരെയും ഇസ്രയേല്‍ ആക്രമണം നടത്തി വന്നിരുന്നത്. ഇസ്രയേല്‍ സൈന്യം ആക്രമിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേന വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ സമാധാന സേനയിലെ രണ്ട് ഇന്തൊനേഷ്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിന്‍റെ ഈ നടപടിയെ ഇറ്റലിയുടെ പ്രതിരോധമന്ത്രി അപലപിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ യുദ്ധക്കുറ്റത്തിലാണ് ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമാധാനസേനയ്ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ രാജ്യാന്തര നിയമത്തിന്‍റെ നഗ്നമായ ലംഘനമെന്നാണ് സ്പെയിന്‍ വിശേഷിപ്പിച്ചത്. അതേസമയം ഹിസ്ബുല്ല കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുമ്പോള്‍ യുഎന്‍ സമാധാനസേനയുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നായിരുന്നു യുഎസ് വക്താവിന്‍റെ പ്രതികരണം. സംഭവത്തില്‍ വൈറ്റ് ഹൗസ് നടുക്കം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ 23 മുതലാണ് ഇസ്രയേല്‍ ലബനനില്‍ ആക്രമണം ആരംഭിച്ചത്. ഇതുവരെ 1200ലേറെപ്പേര്‍ കൊല്ലപ്പെടുകയും 10ലക്ഷത്തോളം പേര്‍ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ടെന്നാണ് ലബനന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍. സെപ്റ്റംബര്‍ 30ഓടെ കരസേനയെയും ഇസ്രയേല്‍ ലബനനില്‍ വിന്യസിക്കുകയായിരുന്നു.

ENGLISH SUMMARY:

Israel struck central Beirut, killing 22 and injuring 117. It also attacked the UN peacekeepers' headquarters, leaving two injured. An official stated that Israel targeted a Hezbollah official in its strikes on central Beirut.