‘താങ്കളെയോര്‍ത്ത് ലജ്ജ തോന്നുന്നു, എന്റെ പിതാവ് കൊല്ലപ്പെട്ടു’, ജറുസലേമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഉയര്‍ന്നുകേട്ട പ്രതിഷേധ വാക്കാണിത്. ഒക്ടോബർ 7ന് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണു നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. ഹമാസ് ആക്രമണത്തിന്റെ വാർഷിക അനുസ്മരണച്ചടങ്ങിനിടെ ആയിരുന്നു സംഭവം. Also Read:
സൈനിക ചിലവില്‍ മുന്നില്‍ ഇസ്രയേല്‍; മിസൈലുകളുടെ കാര്യത്തില്‍ ഇറാന് മേല്‍കൈ? കണക്കുകളിങ്ങനെ...
കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു മിനിറ്റിലേറെ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെട്ടു. എന്നാല്‍ പ്രതികരിക്കാനോ മറ്റേതെങ്കിലും രീതിയിലുള്ള അസ്വസ്ഥതയോ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഗാസയില്‍ തടവിലാക്കപ്പെട്ടവരുടെ മോചനം എത്രയും വേഗം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനുമേല്‍ ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യത്തിനകത്തു നിന്നും രാജ്യാന്തരതലത്തില്‍ നിന്നും കടുത്ത സമ്മര്‍ദമാണ് ഉയരുന്നത്.
എന്റെ പിതാവ് കൊലപ്പെട്ടു എന്ന് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ താങ്കളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നാണ് മറ്റൊരു പ്രതിഷേധക്കാരന്‍ ആവര്‍ത്തിച്ചു വിളിച്ചു പറഞ്ഞത്. ഇസ്രയേലി ഇന്റലിജന്‍സ് ചീഫ് ഡേവിഡ് ബേര്‍ണ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദോഹയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഗാസയിലെ തടവുകാരെ മോചിപ്പിക്കാനുള്ള ചർച്ചകൾ ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചതായും റിപ്പോർട്ടുണ്ട്.
ഹമാസ് നേതാവ് യഹ്യ സിൻവറിനെ ഇസ്രയേൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് വധിച്ചിരുന്നു. ഇതോടെയാണ്, ശേഷിക്കുന്ന തടവുകാരുടെ കുടുംബങ്ങളും പാശ്ചാത്യ നേതാക്കളും ഇസ്രയേൽ സർക്കാരിനോടു കരാർ ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാക്കിയത്. ഗാസയിലുള്ള 97 തടവുകാരെ മോചിപ്പിക്കുന്നതിനു സിൻവർ പ്രധാന തടസ്സമായിരുന്നു എന്നാണ് ഇസ്രയേൽ, യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഇതിൽപ്പെട്ട 34 ബന്ദികളും മരിച്ചെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിഗമനം.