Photo Credit; WeRide

Photo Credit; WeRide

മിഡിൽ ഈസ്റ്റിലെ ആദ്യ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി അബുദാബിയിൽ പുറത്തിറക്കി ഊബർ. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് ഊബറിന്റെ പ്രവർത്തനം. വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷം മുതൽ സേവനം ലഭ്യമാകും.

അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സാദിയാത്ത് ഐലൻഡിലേക്കും യാസ് ഐലൻഡിലേക്കും തിരിച്ചുമാണ് സ്വയം നിയന്ത്രിത ടാക്സികൾ സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ സുരക്ഷാ ഓപ്പറേറ്റർ വാഹനത്തിലുണ്ടാകും. സുരക്ഷിതവും ഉപയോക്താക്കൾ സന്തുഷ്ടരുമാണെന്ന് ഉറപ്പുവരുത്തിയശേഷം അടുത്ത വർഷം മുതൽ ഡ്രൈവറില്ലാതെ ടാക്സികൾ നിരത്തിൽ ഓടി തുടങ്ങുമെന്ന് ഊബറിന്റെ ഓട്ടോനോമസ് മൊബിലിറ്റി ആൻഡ് ‍ഡെലിവറി ഓപ്പറേഷൻസ് ഗ്ലോബൽ മേധാവി നോവ സിച്ച് അറിയിച്ചു.  

ഊബർ എക്സ് അല്ലെങ്കിൽ ഊബർ കംഫർട്ട് സർവീസസ് എന്നിവയിലൂടെ ഡ്രൈവറില്ലാ ടാക്സി ബുക്ക് ചെയ്യാം. ട്രാൻസ്പോർട് കമ്പനിയായ തവസുൽ ആണ് വീ റൈഡ് വാഹനങ്ങൾ ഓപ്പറേറ്റ് ചെയ്യുക. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാവും സർവിസ് എങ്കിലും വൈകാതെ എമിറേറ്റിലുടനീളം സേവനം വ്യാപിപ്പിക്കും.  നവീന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഗതാഗത രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പ്രയാണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് അബുദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗാഫ്ലി പറഞ്ഞു.  യാസ് ഐലൻഡിൽ നിലവിൽ ടാക്സൈ നിയന്ത്രിക്കുന്ന ഡ്രൈവറില്ലാ ടാക്സികൾ ചെറിയ ദൂരപരിധിയിൽ സർവീസ് നടത്തുന്നുണ്ട്

ENGLISH SUMMARY:

Uber and WeRide Launch Robotaxi Service in Abu Dhabi