ദുബായ് വാക്ക് പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. കാൽ നട സൗഹൃദ നഗരമായി ദുബായിയെ ഉയർത്താനുളള ബൃഹദ് പദ്ധതിയാണ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും പ്രഖ്യാപിച്ചത്. എവിടേക്കും ഏത് കാലാവസ്ഥയിലും കാൽനടയായി എത്താൻ കഴിയുന്ന നഗരമാക്കി ദുബായിയെ മാറ്റുന്ന പദ്ധതിയാണ്  ദുബായ് വാക്ക്. 

 3,300 കിലോമീറ്റർ നടപ്പാതകളും, 110 നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പൊതുജനങ്ങളെ പ്രോൽസാഹിപ്പിക്കുകയും ജീവിതനിലവാരം ഉയർത്തുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യം നടപ്പാക്കുക നഗരത്തിലെ രണ്ട് പ്രധാന ഇടങ്ങളായ  മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ റാസ് മേഖലകളിലാണ്. കാൽനടയാത്രക്കാർക്ക് നഗരത്തിൻ്റെ ഭൂതകാലത്തിന്റെയും ഭാവിയുടെയും ചെറിയതോതിൽ മനസിലാക്കാൻ ഇത് സഹായിക്കും.  

മൂന്നു ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ  ഘട്ടം അൽബർഷ 2, ഖവാനീജ് 2, മിസ്ഹാർ എന്നിവിടങ്ങളിലാണ്. ഇവിടെ നടപ്പാതകൾ സജ്ജമാക്കിയശേഷം പിന്നീടിത് നഗരത്തിലെ വിവിധ താമസമേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ജലാശയങ്ങൾക്കരികിലൂടെ 112 കിലോമീറ്റർ നടപ്പാത, പച്ചപ്പ് കണ്ട് നടക്കാൻ സാധിക്കുന്ന 124 കിലോമീറ്റർ നടവഴി, 150 കിലോമീറ്റർ ഗ്രാമീണ, മലയോര നടപ്പാത എന്നിവ പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. 

പുതിയ 3,300 കിലോമീറ്റർ നടപ്പാതകളുൾപ്പെടെ 6,500 കിലോമീറ്റർ കാൽനട യാത്രാ സൗകര്യമാണ് ദുബായ് നടപ്പാക്കൊനൊരുങ്ങുന്നത്.   താമസക്കാരെ നടക്കാൻ പ്രോൽസാഹിപ്പിക്കുന്നതിനായി സ്മാർട് ആപ്പും കൊണ്ടുവരും. ഇതിലെ പോയിന്റ്സ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ഒപ്പം നഗരത്തിലെ പ്രധാന ആകർഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലുണ്ടാകും. 

ENGLISH SUMMARY:

Sheikh Mohammed announces massive 'Dubai Walk' project to make city pedestrian-friendly