modi-kuwait

നാൽപത്തിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത്  സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രണ്ടുദിവസത്തെ സന്ദർശത്തിനെത്തിയ പ്രധാനമന്ത്രി, കുവൈത്തിന്റെ ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ഇന്ത്യക്കാർ നൽകിയ സംഭാവനകൾ എടുത്തു പറഞ്ഞു. നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തും. ഒട്ടേറെ കരാറുകളിലും ഇരുനേതാക്കളും ഒപ്പുവയ്ക്കും.  

 

43 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് കുവൈത്ത് ഒരുക്കിയത്. 1981ൽ ഇന്ദിരാഗാന്ധിക്ക് ശേഷം നരേന്ദ്രമോദിയാണ് കുവൈത്ത് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി. അമീരി വിമാനത്താവളത്തിൽ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് ഫഹദ് യൂസഫ് അൽ സബായും  ഉന്നത ഭരണനേതൃത്വവും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വരവേൽപിച്ച് ഇന്ത്യൻ കലാരൂപങ്ങൾ  അകമ്പടിയായി.

തുടർന്ന്  ക്ഷണിക്കപ്പെട്ട പൗരപ്രമുഖരും, വിദ്യാർഥികളുമായി ഹ്രസ്വ കൂടിക്കാഴ്ച. കുവൈത്തിൽ കഴിയുന്ന മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും, ഐ എഫ് എസ് ഓഫീസറുമായ നൂറ്റൊന്നു വയസുകാരൻ മംഗൾ സെയ്ൻ ഹന്ദയും പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നു. തുടർന്ന്  ഗൾഫ് സ്പിക് ലേബർ ക്യാംപ് സന്ദർശിച്ച് തൊഴിലാളികൾക്കൊപ്പം ചായകുടിക്കുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു  . 

ഷൈഖ്  സാദ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഹാലാ മോദിയെന്ന പേരിൽ ഇന്ത്യൻ പ്രവാസി സമൂഹം ഒരുക്കിയ വൻ സ്വീകരണം. കുവൈത്തിലെ അധ്യാപകരേയും ആരോഗ്യ പ്രവർത്തകരെയും പരിപാടിയിൽ അദ്ദേഹം പ്രസംശിച്ചു. ഇന്ത്യാ- കുവൈത്ത് ബന്ധം ആഴത്തിലുള്ളതാണെന്നും ഇന്ത്യാ- മിഡിൽ ഈസ്റ്റ്- യൂറോപ് കോറിഡോർ വികസനത്തിന്റെ പുതിയ പാത തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബയാൻ കൊട്ടാരത്തിൽ നാളെ പത്ത് മണിക്കാണ് കുവൈത്തിന്റെ ഔദ്യോഗിക സ്വീകരണം. പിന്നാലെ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന കരാറുകളിൽ പ്രധാനമന്ത്രി ഒപ്പുവയ്ക്കും.  

ENGLISH SUMMARY:

Prime Minister Narendra Modi was received by Sheikh Fahad Yousef Saud Al-Sabah, the First Deputy Prime Minister, Minister of Defence and Interior of Kuwait