പിഞ്ചുകുഞ്ഞിനെ വാഷിങ് മെഷീനിനുള്ളിലിട്ട് കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി അറസ്റ്റില്‍. കുവൈത്തിലാണ് സംഭവം. ഒന്നരവയസുള്ള കുഞ്ഞിനോടാണ് വീട്ടുജോലിക്കാരിയുടെ ക്രൂരത. ഇന്നലെ മുബാറഖ് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ സ്വദേശി വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഫിലിപ്പീന്‍സ് സ്വദേശിയാണ് അറസ്റ്റിലായത്.
കുഞ്ഞ് അലറിക്കരയുന്നതു കേട്ടാണ് മാതാപിതാക്കള്‍ ഓടിയെത്തിയത്. വാഷിങ് മെഷീനുള്ളില്‍ക്കിടന്ന് പിഞ്ചോമന പിടയുന്നതാണ് മാതാപിതാക്കള്‍ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മനുഷ്യമനസാക്ഷി മരവിച്ചുപോകുന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് രാജ്യം. ഒന്നരവയസുള്ള ആണ്‍കുഞ്ഞിനെയാണ് വീട്ടുജോലിക്കാരി വാഷിങ് മെഷിനുള്ളിലിട്ട് കൊലപ്പെടുത്തിയത്. ഇത്രയും ക്രൂരത കുഞ്ഞിനോട് കാണിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.സംഭവത്തില്‍ വിശദമായ ചോദ്യംചെയ്യല്‍ നടക്കുകയാണ്.