കാബ് ഡ്രൈവറെ മര്‍ദിക്കുന്ന വനിതയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇറങ്ങേണ്ട സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യാത്രിക ഡ്രൈവറെ മര്‍ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യാന്‍ തുടങ്ങിയത്. ആദ്യം കൈ കൊണ്ടും പിന്നീട് കയ്യിലിരുന്ന ഫോണ്‍ കൊണ്ടും ഇവര്‍ ഡ്രൈവറെ മര്‍ദിച്ചിരുന്നു.
കാബ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയിരിക്കുന്ന സ്ഥലത്തല്ല തനിക്ക് ഇറങ്ങേണ്ടതെന്നും താന്‍ പറഞ്ഞയിടത്ത് കൊണ്ടുവിടണമെന്നുമാണ് വിഡിയോയില്‍ സ്ത്രീ പറയുന്നത്. എന്നാല്‍ ഡെസ്റ്റിനേഷന്‍ എത്തിയെന്നും നിങ്ങള്‍ പറയുന്ന സ്ഥലം ഇതാണെന്നുമാണ് ഡ്രൈവര്‍ മറുപടി കൊടുത്തത്. ഇതോടെയാണ് യുവതി ഡ്രൈവറോട് ആക്രോശിക്കാനും മര്‍ദിക്കാനും തുടങ്ങിയത്. ഇത്രയും പണം എന്തിനാണെന്നും യുവതി ഡ്രൈവറോട് ചോദിക്കുന്നുണ്ട്. തന്നെ തൊടരുതെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും യുവതി ആക്രമണം തുടര്‍ന്നതോടെ ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോവുന്നുമുണ്ട്.
ഇന്‍റര്‍നെറ്റ് ലോകത്ത് വിഡിയോ വൈറലായതോടെ യുവതിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ആ സ്ത്രീയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം സംഭവം വംശീയമാണെന്നും ഡ്രൈവര്‍ ഇന്ത്യക്കാരനായതുകൊണ്ടാവാം അറബ് വംശജയെന്ന് തോന്നിയ യുവതി അക്രമിച്ചതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.