ഗാസമേഖലയിലെ പലസ്തീന്‍ ജനത
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസ മുനമ്പില്‍ നിന്ന് പലായനം ചെയ്ത പലസ്തീന്‍ അഭയാര്‍ഥികളെ ഒന്നാകെ ആഫ്രിക്കയിലേക്ക് മാറ്റാന്‍ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ഗൂഢനീക്കം. ഇതിനായി യുഎസ് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സുഡാന്‍, സൊമാലിയ, സൊമാലി ലാന്‍ഡ് എന്നീ ദരിദ്രരാജ്യങ്ങളുമായാണ് അമേരിക്കന്‍ പ്രതിനിധികള്‍ ആശയവിനിമയം നടത്തിയതെന്നാണ് വിവരം.
പലസ്തീനികളെ അപ്പാടെ കുടിയൊഴിപ്പിച്ച് ഗാസയെ വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ അറബ് രാജ്യങ്ങളടക്കം അതിശക്തമായ പ്രതിഷേധമുയര്‍ത്തുകയും ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പലസ്തീനികളെ കുടിയൊഴിപ്പിച്ച് ആഫ്രിക്കയിലേക്ക് മാറ്റാനുള്ള ശ്രമം. അതീവഗൗരവതരമായ നിയമപ്രശ്നങ്ങളും ധാര്‍മികപ്രശ്നങ്ങളും ഉണ്ടെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും ട്രംപ് തന്‍റെ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഡോണല്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നെതന്യാഹു
20 ലക്ഷത്തോളം പലസ്തീന്‍കാരാണ് ഇസ്രയേലിന്‍റെ ആക്രമണത്തില്‍ വീടും നാടും നഷ്ടമായി അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നത്. ഇവരെയാണ് എന്നെന്നേക്കുമായി സ്വന്തം മണ്ണില്‍ നിന്ന് പറിച്ചെറിയാന്‍ ശ്രമിക്കുന്നത്. യുഎസിന്‍റെ നിര്‍ദേശം തള്ളിക്കളഞ്ഞുവെന്ന് സുഡാന്‍ ഭരണകൂടം അറിയിച്ചതായി എ പി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് സോമാലിയയുടെയും സോമാലി ലാന്‍ഡിന്‍റെയും നിലപാട്.
ആഫ്രിക്കയിലെ ഏറ്റവും ദരിദ്രവും ആഭ്യന്തര കലാപങ്ങള്‍ കാരണം ഏറ്റവും അപകടം പിടിച്ചതുമായി രാജ്യങ്ങളാണ് സുഡാനും സോമാലിയയും അതില്‍ നിന്ന് ഭിന്നിച്ചുണ്ടായ സോമാലി ലാന്‍ഡും. ഒരുമാസം മുന്‍പാണ് ഈ രാജ്യങ്ങളുമായി അമേരിക്കയും ഇസ്രയേലും രഹസ്യസംഭാഷണങ്ങള്‍ തുടങ്ങിയത്. വലിയ സാമ്പത്തികസഹായവും സുരക്ഷാസഹകരണവും നയതന്ത്രപിന്തുണയുമെല്ലാം വാഗ്ദാനം ചെയ്താണ് ഈ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നത്. അഞ്ചുവര്‍ഷം മുന്‍പ് ഇസ്രയേലും നാല് അറബ് രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സഹകരണക്കരാര്‍ (അബ്രഹാം അക്കോര്‍ഡ്സ്) യാഥാര്‍ഥ്യമാക്കാനും ഇതേ രീതിയാണ് ട്രംപ് അവലംബിച്ചത്.
സുഡാന്‍
വൈറ്റ് ഹൗസോ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസോ ഒഴിപ്പിക്കല്‍ ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ ഇസ്രയേല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്മോട്രിച് ചര്‍ച്ചകളുടെ കാര്യം സ്ഥിരീകരിച്ചു. പലസ്തീന്‍ ജനതയെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ വലിയ ഒരു കുടിയേറ്റ പദ്ധതി ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം തയാറാക്കി വരികയാണെന്നും ബെസലേല്‍ സ്ഥിരീകരിച്ചു. പലസ്തീന്‍ ജനത സ്വമേധയാ കുടിയേറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വാദം ഗാസയിലെ പലസ്തീന്‍ ജനത തള്ളി.