വെടിനിര്‍ത്തല്‍ കരാറിന്‍റെ മറവില്‍ ഇസ്രയേലിന് നേരെ ഒക്ടോബര്‍7 ന് സമാനമായ ആക്രമണം നടത്താന്‍ ഹമാസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണത്തിന് ഹമാസ് പദ്ധതിയിടുന്നതായി മുന്നറിയിപ്പ് കിട്ടിയതിന് പിന്നാലെ മാര്‍ച്ച് 17 ന് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാമ്പിനറ്റ് യോഗം ചേരുകയായിരുന്നു എന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒടെഫ് ഇസ്രയേല്‍ ഫോറവുമായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് വിഷയം സംസാരിച്ചു. ഇസ്രയേലില്‍ അധിനിവേശത്തിനായി ഹമാസ് തയ്യാറെടുക്കുന്നതായി കാട്സ് യോഗത്തില്‍ പറഞ്ഞു. അവരെ അക്രമിക്കണം, പ്രതിരോധത്തിലൂടെയും അക്രമത്തിലൂടെയും ഇത് അവസാനിപ്പിക്കണമെന്നും കാട്സ് കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായാണ് ഇസ്രയേലി ഇന്‍റലിജന്‍സ് കണ്ടെത്തിയത്. ഇസ്രയേലി സൈന്യത്തിന് നേര്‍ക്ക് ആക്രമണമോ, ഇസ്രയേലിലേക്ക് കടന്നുകയറ്റമോ ആകാം ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഗാസയിലെ ഐഡിഎഫ് കേന്ദ്രങ്ങള്‍ക്ക് ചുറ്റും ഹമാസ് സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയാണ്, ഇതാണ് കഴിഞ്ഞ ആഴ്ചകളില്‍ ഹമാസിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു,
അതേസമയം, ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു. അടിസ്ഥാന രഹിതമാണെന്നും യുദ്ധത്തിലേക്കുള്ള തിരിച്ചുവരവിനെ ന്യായീകരിക്കാനുള്ള നീക്കമെന്നുമാണ് ഹമാസിന്‍റെ പ്രതികരണം. ചൊവ്വാഴ്ച ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കനത്ത ആക്രമണത്തില്‍ 400 ലധികം പേരാണ് കൊല്ലപ്പെട്ടത്. രണ്ടു മാസത്തെ വെടിനിര്‍ത്തലിന് ശേഷമാണ് മധ്യേഷ്യയില്‍ ഇസ്രയേലിന്‍റെ ആക്രമണം. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നും ബന്ദികളെ കൈമാറുന്നത് വൈകിക്കുന്നു എന്നും ആരോപിച്ചാണ് ആക്രമണം.