പുണ്യമാസമായ റമസാനില്‍ അഞ്ഞൂറിലേറെ ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി വെറുതെ വിടാനൊരുങ്ങി യുഎഇ. കഴിഞ്ഞ ഫെബ്രുവരിയില്‍ 1295 തടവുകാര്‍ക്ക് മാപ്പ് നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിനോടൊപ്പം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും 1518 തടവുകാര്‍ക്കും മാപ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം അഞ്ഞൂറോളം ഇന്ത്യക്കാര്‍ക്കും ഗുണകരമാകുന്നത്.
മാപ്പ് നല്‍കാനുള്ള ഉത്തരവിനൊപ്പം തന്നെ ജയില്‍മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാനും ഉത്തരവിട്ടു. തടവുകാര്‍ക്കും കുടുംബത്തിനും സാമ്പത്തിക തടസങ്ങളില്ലാതെ പുതിയൊരു ജീവിതം ആരംഭിക്കാന്‍ ഇതുവഴി സാഹചര്യം തെളിയും.
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരാണ് യുഎഇ ജയിലുകളില്‍ കഴിയുന്നത്. പലവിധത്തിലുള്ള കേസുകളില്‍പ്പെട്ട് വര്‍ഷങ്ങളായി അഴിക്കുള്ളില്‍ കഴിയുന്ന തടവുകാര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനും കുടുംബത്തെ കാണാനുമുള്ള വഴിയാണ് യുഎഇയുടെ തീരുമാനത്തിലൂടെ ലഭിക്കുന്നത്.
തടവുകാരെ വിടാനുള്ള നിയമപരമായ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ദുബായി അറ്റോര്‍ജി ജനറല്‍, ചാന്‍സലര്‍ എസാം ഇസ അല്‍–ഹുമൈദാന്‍ പറഞ്ഞു. ദുബായി പൊലീസുമായി ചേര്‍ന്ന് ദുബായി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തുന്ന നീക്കങ്ങള്‍ ഏറെ പുരോഗമിച്ചതായും അറ്റോര്‍ണി വ്യക്തമാക്കി.
ജീവിതത്തില്‍ തെറ്റ് സംഭവിച്ചവര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കുക എന്നത് യുഎഇയുടെ പാരമ്പര്യമായി തുടര്‍ന്നുപോരുന്ന കാര്യങ്ങളാണ്. ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനും ഈ നീക്കത്തിലൂടെ സാധിക്കും.