ചെറിയ പെരുന്നാളിന്റെ നിർവൃതിയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുനാള് നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിൽ പെരുന്നാൾ ആഘോഷമാക്കുകയാണ് വിശ്വാസികൾ. സൗദിയിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെയാണ് റമദാനിലെ 29 നോമ്പുകൾ പൂർത്തിയാക്കി ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടന്നത്. യുഎഇയിൽ മലയാളികൾക്കായി പ്രത്യേകം ഈദ് ഗാഹ് ഒരുക്കിയിരുന്നു. ദുബായ് അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ ഈദ് ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസിൽ ഈദ്ഗാഹിന് മൗലവി ഹുസൈന് കക്കാടും നേതൃത്വം നല്കി .
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഹുസൈൻ സലഫിയാണ് ഈദ് ഗാഹിന് നേതൃത്വം നൽകിയത് അജ്മാനിൽ അജ്മാൻ ഔഖാഫിലെ ഇമാമായ ഉസ്താദ് ജുനൈദ് ഇബ്രാഹിം പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി . അജ്മാനിൽ ഇത്തവണ ആദ്യമായാണ് മലയാളികളുടെ നേതൃത്വത്തിൽ ഈദ്ഗാഹ് സംഘടിപ്പിക്കുന്നത്. അറബിക്, മലയാളം, ഇംഗ്ലിഷ്, ഉറുദു, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ പെരുന്നാൾ ഖുതുബ നടന്നു. മക്കയിലെ ഹറം പള്ളിയിലും മദീനയിൽ പ്രവാചകന്റെ പള്ളിയിലും വിശ്വാസികളുടെ പ്രവാഹമായിരുന്നു. പെരുന്നാൾ നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്. അതേസമയം ഒമാനിൽ 30 നോമ്പ് പൂർത്തിയാക്കി തിങ്കളാഴ്ചയാണ് പെരുന്നാൾ.