ഹമാസ് ബന്ദികളായ 59 പേരെയും മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. സ്ഥിരമായ വെടിനിര്‍ത്തലിലേക്കും ഗാസയില്‍ നിന്നും ഇസ്രയേല്‍ പിന്മാറിയാലും ബന്ദി മോചനം സാധ്യമാക്കാം എന്നാണ് ഹമാസിന്‍റെ നിര്‍ദ്ദേശം. പാലസ്തീന്‍ അധികാരികള്‍ ടൈംസ് ഓഫ് ഇസ്രയേലിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയിലുടനീളം ഇസ്രായേൽ സൈനിക നടപടി ശക്തമാക്കുന്നതിനിടെയാണ് ഹമാസിന്‍റെ പ്രഖ്യാപനം. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുകയാണെങ്കിൽ എല്ലാ തടവുകാരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് മധ്യസ്ഥർ വഴി അറിയിച്ചതായാണ് വിവരം.
അതേസമയം ഈ നിര്‍ദ്ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചോ എന്നതില്‍ വ്യക്തതയില്ല. ഹമാസിന്‍റെ നിരായുധീകരണവും പൂർണ പരാജയവുമില്ലാതെ ഒരു കരാറിനുമില്ലെന്നാണ് നെതന്യാഹു നിരന്തരം വ്യക്തമാക്കുന്നത്. ജനുവരിയില്‍ യുഎസ് മധ്യസ്ഥയില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും പാലിക്കണമെന്നാണ് ഹമാസിന്‍റെ ആവശ്യം. എന്നാല്‍ സ്ഥിരമായരൊരു വെടിനിർത്തൽ ഉടനടി സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് ഹമാസ് നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.
"ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ഗാസയിലെ സ്ഥിതി ഭയാനകമാണ് എന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ഹ്രസ്വകാല വെടിനിർത്തലുകൾക്ക് പകരമായി ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയ്യാറാണെന്നും പലസ്തീൻ പ്രതിനിധികൾ കൂട്ടിച്ചേർത്തു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തിടെ അവതരിപ്പിച്ച നിര്‍ദ്ദേശത്തോട് താൽക്കാലിക വെടിനിർത്തലിന് പകരമായി അഞ്ച് ബന്ദികളെ വിട്ടയക്കാൻ ഹമാസ് സമ്മതിച്ചിരുന്നു. ജീവിച്ചിരിക്കുന്ന 11 ബന്ദികളെ മോചിപ്പിക്കാനും മരിച്ച 16 പേരുടെ മൃതദേഹങ്ങൾ തിരികെ നൽകാനുമാണ് ഇസ്രായേൽ ആവശ്യപ്പെട്ടത്. ഇതോടെ കരാര്‍ യാഥാര്‍ഥ്യമായില്ല.
അതേസമയം, തെക്കൻ ഗാസയിലെ റാഫ നഗരത്തെ ഒറ്റപ്പെടുത്താനും പ്രദേശത്തെ മൂന്ന് മേഖലകളായി വിഭജിക്കാനുമുള്ള പദ്ധതി ഇസ്രായേൽ സേന നടപ്പിലാക്കുകയാണ്. വടക്കൻ അതിർത്തി ഇതിനകം തന്നെ സേനയുടെ നിയന്ത്രണത്തിലാണ്.