REUTERS/Amir Cohen
സ്വന്തം പൗരന്‍മാരുടെ വാസസ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശത്ത് അബദ്ധത്തില്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം. ഗാസ അതിര്‍ത്തിക്കരികെ നിര്‍ യിറ്റ്സാഖ് സമൂഹം താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്ന് ഇസ്രയേല്‍ സൈന്യം പിന്നീട് വിശദീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Smoke rises from Gaza after an explosion, as seen from the Israeli side of the border, REUTERS/Amir Cohen
ഗാസയെ ലക്ഷ്യമിട്ട് തിരിച്ച യുദ്ധവിമാനങ്ങളിലൊന്ന് അബദ്ധത്തില്‍ നിര്‍ യിറ്റ്സാഖിലെ തുറസായ സ്ഥലത്ത് ബോംബ് വര്‍ഷിച്ചുപോയെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. അതേസമയം, ഏത് ബോംബാണ് വര്‍ഷിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഗാസയില്‍ നിന്നും കേവലം മൂന്നേകാല്‍ കിലോമീറ്റര്‍ മാത്രം അകലെയാണ് നിര്‍ യിറ്റ്സാഖ് സ്ഥിതിചെയ്യുന്നത്. വയലിലാണ് ബോംബ് വീണതെന്നും പാര്‍പ്പിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചില്ലെന്നും ആളപായമില്ലെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കി. ബോംബ് പതിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തന്നെ സൈന്യത്തെ വിവരമറിയിക്കുകയായിരുന്നു. 550 താമസക്കാരാണ് ഈ പ്രദേശത്തുള്ളതെന്നാണ് ഇസ്രയേലിന്‍റെ ഔദ്യോഗിക കണക്ക്. 2023 ഒക്ടോബറില്‍ ഹമാസിന്‍റെ മിന്നലാക്രമണം ഉണ്ടായ പ്രദേശങ്ങളിലൊന്നാണിവിടം.
ഇതാദ്യമായല്ല ഇസ്രയേല്‍ സൈന്യം സ്വന്തം ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ബോംബിടുന്നത്. 2023 മേയില്‍ യാറ്റഡ് എന്ന സ്ഥലത്ത് ഇസ്രയേലി യുദ്ധവിമാനം സമാനമായി ബോബിട്ടിരുന്നു. ഭാഗ്യവശാല്‍ ബോംബ് പൊട്ടിത്തെറിച്ചില്ല. ഇത് പിന്നീട് സൈന്യമെത്തി വീണ്ടെടുത്ത് സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്തു. ഒരു മാസത്തിന് ശേഷം ഗാസയെ ലക്ഷ്യമിട്ട് സൈന്യം തൊടുത്ത ഷെല്‍ പതിച്ചതും ഇതേ സ്ഥലത്താണ്.