myawaddy-map

മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റ് സജീവമെന്ന് വിദേശകാര്യമന്ത്രാലയം. മൂന്നുവര്‍ഷത്തിനിടെ അഞ്ചാംതവണയാണ് ഈ റാക്കറ്റിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയില്‍ (Myawaddy) പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യൻ പൗരന്മാരെ  ഇരകളാക്കുന്ന സംഭവങ്ങൾ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

mea-headquarters

ഇന്ത്യയില്‍ നിന്നും മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്ത ശേഷം തായ്‌ലൻഡ് വഴി മ്യാവഡിക്ക് തെക്ക് ഭാഗത്തുള്ള എച്ച്‌പാ ലു (Hpa Lu) പ്രദേശത്തേയ്ക്കാണ് കടത്തുന്നത്. ഈ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെന്റിന്റെ ആധികാരികത ഉറപ്പാക്കേണ്ടതാണെന്ന് നോര്‍ക്ക അഭ്യര്‍ഥിച്ചു. സോഷ്യൽ മീഡിയയിലൂടെയോ സ്ഥിരീകരിക്കാത്ത മറ്റ് ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴിൽ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

myawaddy-town

റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും യംഗൂണിലെ ഇന്ത്യന്‍ എംബസിയുമായി cons.yangon@mea.gov.in എന്ന ഇമെയിൽ വഴിയും +9595419602 (WhatsApp/Viber/Signal) എന്ന മൊബൈൽ നമ്പർ വഴിയും ബന്ധപ്പെടാം. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ നോര്‍ക്ക റൂട്ട്സ്, വിദേശകാര്യമന്ത്രാലയം, കേരളാ പൊലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷന്‍ ശുഭയാത്രയില്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ–മെയിലുകള്‍ വഴിയും 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

ENGLISH SUMMARY:

The Ministry of External Affairs has warned about fake recruitment rackets targeting Indians at the Myanmar-Thailand border, issuing its fifth warning in three years. These international crime syndicates in the Myawaddy area lure Indian citizens with false promises and traffic them through Thailand. NORKA urges job seekers to verify the authenticity of recruitment offers with Indian embassies and avoid offers from unverified sources. For any inquiries, individuals can contact the Indian Embassy in Yangon via email or mobile, and report fraud to NORKA Roots, the Ministry of External Affairs, and Kerala Police through specified emails and helpline numbers.