Putin-14

മറ്റൊരു ആറുവര്‍ഷം കൂടി,  ഗ്രാന്‍ഡ് ക്രംലിന്‍ പാലസില്‍ നിന്നും വ്ലാദിമിര്‍ പുടിന്‍ എന്ന ഭരണാധികാരിയെ റഷ്യ വീണ്ടും അധികാരത്തിലെത്തിച്ചിരിക്കുന്നു. തന്റെ അഞ്ചാം ടേം മേയ് 7ന് പുടിന്‍ ആരംഭിച്ചു. രൂപസാദൃശ്യം കൊണ്ടും ഭാവപ്രകടനങ്ങള്‍ കൊണ്ടും നടപ്പും ഇരിപ്പും തുടങ്ങി പുടിനെ ചുറ്റിപ്പറ്റി കഥകള്‍ പലതുണ്ട്.  അമരത്വവുമായി ബന്ധപ്പെട്ട കെട്ടുകഥകളും ദുരൂഹതകളും ഏറെ.  എന്നാല്‍ ഭരണരംഗത്തും പുടിന്റെ അമരത്വമോ എന്ന ചോദ്യമാണ് ഈ പോയ ആഴ്ച മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അഞ്ചാം തവണയും ലോകകരുത്തര്‍ക്ക് അമരനാവാന്‍ പുടിന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.  രാജ്യത്തിന്റെ മൊത്തം സമ്മതത്തോടെയും ആശിര്‍വാദത്തോടെയുമാണ് പുടിന്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്നു പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. 87.8ശതമാനം വോട്ട് നേടിയാണ് 71 കാരന്‍ പുടിന്‍ അഞ്ചാമൂഴത്തില്‍ അധികാരമുറപ്പിച്ചത്.

Putin-09

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നികോളയ് ഖാറിറ്റോനോവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലിയോനിഡ് സ്ലട്‌സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടി നേതാവ് വഌദിസ്ലാവ് ദാവന്‍കോവ് എന്നീ എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കിയാണ് പുടിന്റെ ജൈത്രയാത്ര‍.   വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിച്ചതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡും പുടിൻ മറികടന്നിരിക്കുകയാണ്. യുക്രെയ്‌നിൽ വിനാശകരമായ യുദ്ധം ആരംഭിക്കുകയും എല്ലാ അധികാരവും തൻ്റെ കൈകളിൽ കേന്ദ്രീകരിക്കുകയും ചെയ്ത ശേഷമാണ് പുടിന്റെ 5.Oയുടെ തുടക്കമെന്നതും എടുത്തുപറയേണ്ടതാണ്.  

അധികാരക്കസേരയിലേക്ക് വീണ്ടുമെത്തിയ ശേഷം ജനങ്ങളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ പുടിന്റെ കരുത്തും ആത്മവിശ്വാസവും എന്തും ചെയ്യാനുള്ള മനക്കട്ടിയും വെളിവാക്കുന്നതായിരുന്നു. ‘ നമ്മുടെ തീരുമാനം, നമ്മുടെ കാഴ്ചപ്പാട്, ഭീഷണിപ്പെടുത്താന്‍ വരുന്നവരേയും അടിച്ചമര്‍ത്തണമെന്നാഗ്രഹിക്കുന്നവരേയും ഗൗനിക്കേണ്ടതില്ല, ഇത് നമ്മുടെ ചരിതനേട്ടം എന്നായിരുന്നു പ്രസിഡന്റ് പുടിന്‍ പറഞ്ഞത്.  അതേസമയം തന്നെ മൂന്നാംലോക മഹായുദ്ധമെന്നൊരു വാക്ക് കൂടി പറഞ്ഞുവച്ചത് ലോകരാജ്യങ്ങളില്‍ തെല്ലാശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. റഷ്യയും യു.എസ് നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുടിൻ മുന്നറിയിപ്പ് നൽകി. മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവടകലെ മാത്രമാണെന്നും അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നുമാണ് പുടിൻ കൂട്ടിച്ചേർത്തത്. ഇതിലൂടെ വ്യക്തമാണ് അടുത്തൊടു ആറുവര്‍ഷവും താനെന്തിനും തയ്യാറെന്ന്. 

Putin-11

കാല്‍ നൂറ്റാണ്ടോളം അധികാരത്തിലിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം ക്രെംലിൻ ഭരിച്ച നേതാവായി പുടിന്‍ മാറുകയാണ്, പുടിന്റെ പുതിയ കാലാവധി 2030 വരെയെങ്കിലും , ഭരണഘടനാപരമായി അദ്ദേഹത്തിനു വീണ്ടും മത്സരിക്കാം, അങ്ങനെ നോക്കിയാല്‍ ഭരണരംഗത്തും പുടിന്‍ അമരന്‍ തന്നെ. 

പുടിന്റെ വരവ്

പ്രസിഡൻ്റ് ബോറിസ് യെൽറ്റ്‌സിൻ്റെ പിൻഗാമിയായാണ് 1999ല്‍ പുടിൻ റഷ്യയുടെ അമരത്തെത്തുന്നത്. സാമ്പത്തിക തകർച്ചയിൽ നിന്ന് ഉയർന്നുവരുന്ന ഒരു രാജ്യത്തിൽ നിന്ന് ആഗോള സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതും ലോകരാജ്യങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്നതുമായ ഒരു  രാജ്യമാക്കി പുടിന്‍ റഷ്യയെ മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സംഘർഷമായി മാറിയ 2022-ലെ ഉക്രെയ്ൻ അധിനിവേശവും പുടിന്റ ഭരണകാലത്തെ അടിവരയിടുന്ന നീക്കങ്ങളാണ്. 

Putin-04

71 കാരനായ പുടിൻ ആറ് വർഷത്തിനുള്ളിൽ സ്വദേശത്തും വിദേശത്തും ഇനി എന്തെല്ലാം ചെയ്യും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

പുടിന്റെ 24 വര്‍ഷങ്ങള്‍

2000 മേയ് 7നാണ് 53ശതമാനം വോട്ട് നേടി പുടിന്‍ തന്റെ ആദ്യ ഭരണവര്‍ഷം ആരംഭിക്കുന്നത്. ക്രംലിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച റഷ്യയിലെ പ്രമുഖ ചാനലായ എന്‍ടിവി ടാക്സ് പൊലീസിനെക്കൊണ്ട് റെയ്ഡ് ചെയ്തുകൊണ്ടായിരുന്നു പുടിന്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മേയ് 11ന് കുർസ്ക് അന്തർവാഹിനി 118 പേരുമായി ബാരൻ്റ്സ് കടലിൽ മുങ്ങിയ നേരത്ത് അവധിക്കാലം ആഘോഷിച്ച നേതാവിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. 

Putin-02

റഷ്യയിലെ ചെച്‌നിയ മേഖലയിൽ നിന്നുള്ള തീവ്രവാദികൾ മോസ്‌കോയിലെ തിയേറ്ററിൽ 850 പേരെ ബന്ദികളാക്കിയത് 2002ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, പ്രതിസന്ധി അവസാനിപ്പിക്കാൻ റഷ്യൻ പ്രത്യേക സേന തീയേറ്ററിലേക്ക് ഒരു അജ്ഞാത വാതകം പമ്പ് ചെയ്തു, അന്ന് തീവ്രവാദികളോടൊപ്പം 130 ബന്ദികളും ജീവന്‍ വെടിഞ്ഞു, അപ്പോഴും  നൂറുകണക്കിന് ജീവൻ രക്ഷിച്ചെന്നായിരുന്നു പുടിന്റെ അവകാശവാദം. 

Putin-05

തന്നെ വെല്ലുവിളിക്കുന്നവരെയെല്ലാം അടിയറവ് പറയിക്കാനായിരുന്നു പുടിന്റെ പിന്നീടുള്ള ശ്രമം. റഷ്യയിലെ ഏറ്റവും ധനികനും പുടിനെ വെല്ലുവിളിക്കാൻ പോന്നതുമായ എണ്ണ വ്യവസായി മിഖായേൽ ഖോഡോർകോവ്സ്കിയെ നികുതി വെട്ടിപ്പ്, വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്ത് 10 വർഷം തടവിലിട്ടു. ഇനി വളരാതിരിക്കാന്‍ പാകത്തില്‍  എണ്ണക്കമ്പനി പൊളിച്ചുമാറ്റി, അതിന്റെ ഭൂരിഭാഗം സ്റ്റേറ്റ് ഓയിൽ കമ്പനിയായ റോസ്നെഫ്റ്റ് ഏറ്റെടുത്തു. ഇങ്ങനെ പുടിന്റെ ശത്രുക്കളുടെ എണ്ണം കൂടിവന്നു. 

Putin-12

2004 മാര്‍ച്ച് 14ന് രണ്ടാംതവണയും പ്രസിഡന്റ് പദത്തിലേക്ക്. അതേവര്‍ഷമായിരുന്നു ഇസ്‌ലാമിക തീവ്രവാദികൾ തെക്കൻ നഗരമായ ബെസ്‌ലാനിലെ ഒരു സ്‌കൂൾ പിടിച്ചെടുത്തത്, രണ്ട് ദിവസത്തിന് ശേഷം നടന്ന സ്‌ഫോടനങ്ങളിലും വെടിവയ്പ്പിലും 300-ലധികം ആളുകൾ മരിച്ചു. കഴിവുകേട് പ്രാദേശിക നേതാക്കളുടേതെന്ന് പറഞ്ഞ് നേതാവ് കയ്യൊഴിഞ്ഞു. 

2005ല്‍ സോവിയറ്റ് യൂണിയൻ്റെ തകർച്ചയെ ‘നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ ദുരന്തം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പുടിൻ അന്താരാഷ്ട്ര നിരീക്ഷകരെയെല്ലാം ഭയപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്തു. 2007 ഫെബ്രുവരി 10നായിരുന്നു  മ്യൂണിക്കിലെ ഒരു കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ, അമേരിക്കയുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനുള്ള മുൻകാല ശ്രമങ്ങളിൽ നിന്നും പിന്തിരിയുകയാണെന്ന പ്രഖ്യാപനം പുടിന്‍ നടത്തുന്നത്. 2008ല്‍ തുടർച്ചയായി മൂന്നാം തവണയും മത്സരിക്കുന്നതിൽ നിന്ന് ഭരണഘടന വിലക്കിയ പുടിനെ പുതിയ പ്രസിഡൻ്റ് ദിമിത്രി മെദ്‌വദേവ് പ്രധാനമന്ത്രിയായി നിയമിച്ചു, ഫലത്തിൽ റഷ്യയുടെ രാഷ്ട്രീയ നേതാവായി പുടിന്‍ തന്നെ തുടര്‍ന്നു. 

Putin-07

 പുടിൻ നടത്തിയ ഭരണഘടനാ മാറ്റങ്ങള്‍ക്ക് കീഴില്‍ 2012ല്‍ പുതിയ പ്രസിഡന്റ് ടേമിലേക്ക് തിരഞ്ഞെ‍ടുക്കപ്പെട്ടു. 4 വര്‍ഷമെന്നത് ആറ് വര്‍ഷമായി മാറി. തുടര്‍ന്ന് വന്ന പ്രതിഷേധങ്ങള്‍ റഷ്യയെ പ്രകമ്പനം കൊള്ളിച്ചു.  സ്ഥാനാരോഹണത്തിൻ്റെ തലേദിവസവും വോട്ടെടുപ്പിന് മുമ്പും പതിനായിരക്കണക്കിന് ആളുകളുടെ പ്രതിഷേധം മറ്റൊരു നിയമനിര്‍മാണത്തിനും വഴിവച്ചു.അതോടെ അനധികൃത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കുള്ള ശിക്ഷാ നടപടികൾ കടുപ്പിച്ചു.അങ്ങനെ പ്രതിഷേധസ്വരം ഉയരാനനുവദിക്കാത്ത വിധം പുടിന്‍ വടവൃക്ഷമായി വളര്‍ന്നു. 

Putin-01

2013ല്‍ ഭാര്യ ല്യൂഡ്മിലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതായി സ്റ്റേറ്റ് ടെലിവിഷനിലൂടെ തന്നെ ജനങ്ങളെയറിയിച്ചു. അഭിമാന പദ്ധതിയായി വിന്റര്‍ ഒളിമ്പിക്സിന് 2014ല്‍ സോച്ചിയില്‍ തുടക്കമിട്ടു. അതേ വര്‍ഷമായിരുന്നു റഷ്യ ക്രിമിയ പിടിച്ചടക്കിയത്.  ഉക്രെയ്നിൻ്റെ റഷ്യന്‍ സൗഹൃദ പ്രസിഡൻ്റിനെ പുറത്താക്കിയതിനെത്തുടർന്നായിരുന്നു അധിനിവേശം. ക്രെംലിൻ ചിഹ്നങ്ങളില്ലാതെ യൂണിഫോം ധരിച്ച സൈനികരെയാണ് ക്രിമിയ പിടിച്ചടക്കാന്‍ പുടിന്‍ അയച്ചത്. അതോടെ കിഴക്കൻ ഉക്രെയ്നിൽ ഉക്രേനിയൻ സേനയും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദി വിമതരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചു.

Putin-06

2015ല്‍ റഷ്യയിലെ രാഷ്ട്രീയ എതിരാളികളില്‍ പ്രധാന വ്യക്തിയായ ബോറിസ് നെംത്‌സോവ് ക്രെംലിനിനടുത്തുള്ള ഒരു പാലത്തിൽ വെടിയേറ്റു മരിച്ചതായിരുന്നു മറ്റൊരു സംഭവം.  അതേ വര്‍ഷം സെപ്റ്റംബറിലാണ് തീവ്രവാദ ഗ്രൂപ്പുകളെ നശിപ്പിക്കുമെന്നാഹ്വാനം ചെയ്ത പുടിൻ സിറിയയിൽ വ്യോമാക്രമണം ആരംഭിച്ചത്.പുടിന്റെ ദീർഘകാല സഖ്യകക്ഷിയായ സിറിയൻ പ്രസിഡൻ്റ് ബാഷർ അല്‍ അസദിനെ അധികാരത്തിൽ തുടരാൻ പുടിന്റെ നടപടി സഹായിച്ചു.

Putin-15

2018ലാണ് റഷ്യയിൽ നിന്ന് ക്രിമിയയിലേക്കുള്ള 18 കിലോമീറ്റർ പാലം പുടിൻ തുറന്നുകൊടുത്തത്, ഇതേ പാലമാണ്  പിന്നീട് ഉക്രെയ്നുമായുള്ള യുദ്ധത്തിൽ ആക്രമണത്തിൻ്റെ ലക്ഷ്യമായി മാറുന്നത്. രണ്ട് ടേമുകള്‍ക്ക് കൂടി പുടിനെ അവകാശിയാക്കുന്ന മാറ്റങ്ങളുള്‍പ്പെടുന്നൊരു ഭരണഘടനാ ഭേദഗതിക്കായി 2020ല്‍ പുടിന്‍ വച്ച പ്രൊപോസല്‍ അംഗീകരിക്കപ്പെട്ടു. ഓഗസ്റ്റ് മാസത്തോടെയായിരുന്നു പ്രതിപക്ഷനേതാവ് അലെക്സി നവോല്‍നി ഗുരുതരമായ രോഗത്തിനടിമപ്പെടുന്നത്. പുടിനെതിരെ ഒരു പ്രതിപക്ഷഐക്യം രൂപപ്പെടുത്തുന്നതിനിടെയായിരുന്നു ഈ സംഭവം. സൈബീരിയയില്‍ നിന്നും ജര്‍മനിയിലേക്കു പറന്ന  നവോല്‍നിക്ക് നാഡീവിഷബാധയേറ്റെന്ന്  വൈകാതെ ബോധ്യപ്പെട്ടു. അതിനു പിന്നില്‍ റഷ്യയും ക്രംലിനുമാണെന്ന് നവോല്‍നി ആരോപിച്ചു, എല്ലാം നിഷേധിക്കുന്നതായിരുന്നു ക്രംലിന്റെ നിലപാട്. മുന്‍ പ്രസിഡന്റുമാര്‍ക്ക് ലൈഫ്ടൈം ഇമ്മ്യൂണിറ്റി നല്‍കുന്ന ബില്ലില്‍ പുടിന്‍ ഒപ്പുവച്ചു. 

Putin-08

2022ല്‍ ഔദ്യോഗികമായി ഉക്രയിന്‍ അധിനിവേശം ആരംഭിച്ചു. റഷ്യയുടെ സുരക്ഷക്കായി ഈ അധിനിവേശം അനിവാര്യമെന്നതായിരുന്നു പുടിന്റെ വാദം. യുദ്ധത്തോടൊപ്പം തന്നെ രാജ്യത്തിനകത്തു നിന്നു ഒരു വിമര്‍ശനസ്വരവും സൈന്യത്തിനെതിരെ വരാതിരിക്കാനുള്ള ഒരു നിയമം കൂടി പു‌ടിന്‍ പാസാക്കി. 

സൈന്യത്തെ കുറിച്ച് തെറ്റായതോ അപകീർത്തികരമായതോ ആയ വിവരങ്ങൾ പ്രചരിപ്പിച്ചാല്‍ 15 വർഷം വരെ അകത്തുകിടക്കാവുന്ന നിയമവും രാജ്യത്ത് നിലവില്‍ വന്നു. 

Putin-03

2023ല്‍ യുക്രെയിനിലെ യുദ്ധമേഖലയിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക്  നാടുകടത്തുകയും കടത്തുകയും ചെയ്തതിനെതിരെ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റ ആരോപണം പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയായിരുന്നു വാഗ്നര്‍ കൂലിപ്പടയാളി നേതാവ് യെവ്ജെനി പ്രിഗോജിനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലോകശ്രദ്ധ നേടുന്നത്.  പുടിന്റെ ഷെഫ് എന്നറിയപ്പെട്ട പ്രിഗോജിന്‍  റഷ്യയ്ക്കൊപ്പം യുക്രൈന്‍ അധിനിവേശത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ്.  ഉക്രെയ്നിലെ തൻ്റെ പോരാളികൾക്ക് ഉദ്യോഗസ്ഥർ വെടിമരുന്നും പിന്തുണയും നിഷേധിച്ചുവെന്ന് ആരോപിച്ച പ്രിഗോജിന്‍ പിന്നീട് പുടിന് അനഭിമതനായി. റഷ്യയ്ക്കുനേരെ പടനയിച്ചു. പ്രിഗോഷിന്‍റെ അപ്രതീക്ഷിത പടനീക്കം റഷ്യയെയും എന്തിന് ലോകത്തെ മൊത്തത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.  ഒടുവില്‍ പ്രിഗോഷിനെതിരെ ഒരു തരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്ന പുടിന്‍റെ ഉറപ്പിനെ തുടര്‍ന്ന് പ്രിഗോഷിന്‍ റഷ്യയില്‍  മറ്റൊരു സഖ്യകക്ഷി രാഷ്ട്രമായ ബെലാറുസിലേക്ക് പിന്മാറി. തുടര്‍ന്ന് റഷ്യയ്ക്ക് വേണ്ടി ആഫ്രിക്കയിലെ മരുഭൂമികളില്‍ പടനീക്കത്തിലാണെന്ന് പ്രിഗോഷിന്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് രണ്ടു മാസം കഴിഞ്ഞ് അപ്രതീക്ഷിതമായി പ്രിഗോഷിന്‍റെ മരണ വാര്‍ത്ത പുറത്ത് വന്നത്.   വിമാനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്തയുടെ ദൃശ്യങ്ങളായിരുന്നു  പിന്നെ ലോകം കണ്ടത്. 

2024 ഫെബ്രുവരി 16ന് ആർട്ടിക് ജയിൽ കോളനിയിൽവെച്ച് നവല്‍നി മരിച്ചു.  കാരണമെന്തെന്നറിയാത്ത ഒരു മരണം കൂടി. ‘പുടിനും അദ്ദേഹത്തിൻ്റെ കൊള്ളക്കാരും ചെയ്തതിന്റെ ഫലമാണ് നവൽനിയുടെ മരണം എന്നതിൽ സംശയമില്ലെന്ന്  യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ വീണ്ടും 87 ശതമാനം വോട്ട് നേടി പുടിന്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ രാഷ്‌ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു. വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത് അങ്ങനെ അഞ്ചാംഘട്ടം. മേയ് 7ന് പുതിയൊരു ആറുവര്‍ഷഭരണത്തിന് വ്ലാദിമിര്‍ പുടിന്‍ തുടക്കമിട്ടു.  

ഉയരുന്ന പ്രതിഷേധ സ്വരങ്ങളെയെല്ലാം അടിച്ചമര്‍ത്തി, വിമര്‍ശന വാക്കുകളെ തല്ലിയും തലോടിയും ഇല്ലാതാക്കി, കൂടെ നിന്നവരെയും ഒപ്പം വളര്‍ന്നവരെയും പിന്നെ വളരാതിക്കാന്‍ മൂടോടെ അറുത്തുമാറ്റി, അങ്ങനെ തുടരുകയാണ് വ്ലാദിമിര്‍ പുടിന്‍ എന്ന അമരന്റെ ഭരണരംഗം....

Vladimir Putin again as President:

Vladimir Putin begins his fifth term as prsident of Russia and explaining his 24 years