ജീവിതവിജയം നേടിയവർ ലോകത്തിന് പ്രചോദനമാകുന്ന വിധത്തിൽ അത് പങ്കുവയ്ക്കുന്ന ടെഡ് ടോക്കിനെക്കുറിച്ച് നമ്മുക്കെല്ലാവർക്കും അറിയാം. ടെഡ് അമേരിക്കയിലാണെങ്കിൽ ടെഡ് എക്സ് ടോക് ഷോ ലോകത്തിന്റെ പലഭാഗത്തും നടക്കാറുണ്ട്. ദുബായിയും പലപ്പോഴും അതിന് വേദിയായിട്ടുണ്ട്. എന്നാൽ ദുബായിൽ ആദ്യമായി ഒരു മലയാളി പെൺക്കുട്ടി ടെഡ് എക്സ് ഷോ സംഘടിപ്പിച്ചു. ദുബായിൽ ജനിച്ചുവളർന്ന പെരുന്തൽമണ്ണ സ്വദേശി പൂജ ഉണ്ണി. രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് പൂജയുടെ ഹാപ്പിനസ് സ്ട്രീറ്റ് ദുബായ് നോളജ് സിറ്റിയിൽ ടെഡ് എക്സ് ടോക് ഷോ സംഘടിപ്പിച്ചത്.
ടെക്നോളജി എഡ്യൂക്കേഷൻ ഡിസൈൻ അഥവാ ടെഡ്. വിവിധ വിഷയങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അവരുടെ ജീവിതാനുഭവങ്ങൾ ലോകത്തിന് പ്രചോദനമാവുന്ന തരത്തിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുന്ന വേദിയാണ് ടെഡും ടെഡ് എക്സും. അത്തരത്തിലൊരു വേദി ദുബായിൽ ഒരുക്കി വിജയിച്ചിരിക്കുകയാണ് പ്രവാസി മലയാളിയായ പൂജ ഉണ്ണി. ടെഡ് എക്സ് സ്പീക്കർ ആകണമെന്ന അതിയായ ആഗ്രഹമാണ് പൂജയെ ഒടുവിൽ ടെഡ് എക്സിന്റെ സംഘാടകയാക്കിയത്. കൂടുതൽപേരിലേക്ക് ടെഡ് എക്സിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഫലാൽ ചാലിലും വി. ഹരിഹരനുമായി ചേർന്നാണ് പൂജ ടെഡ് എക്സ് ക്യുറേറ്റ് ചെയ്തത്. ഫലാൽ പ്രൊഡക്ഷനും ഡിസൈനും കൈകാര്യം ചെയ്തപ്പോൾ ടെഡ് എക്സ് സ്പീക്കർ കോച്ചിൻറെ ഭാഗം ഹരിഹരൻ ഭംഗിയാക്കി. പങ്കുവയ്ക്കാൻ ഒരു ഐഡിയ ഉള്ള ആർക്കും ടെഡ് എക്സ് സ്പീക്കർ ആവാൻ അപേക്ഷിക്കാമെന്ന് പറയുന്നു പൂജ. ടെഡ് എക്സ് സംഘടിപ്പിക്കാനുള്ള ലൈസൻസ് നേടിയെടുത്ത കഥയും പൂജ പങ്കുവച്ചു. സ്പോൺസർമാരെ കണ്ടെത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ടെഡ് എക്സ് ഇവന്റിൽ സ്പീക്കർമാർ പറഞ്ഞതെല്ലാം ടെഡ്.കോമിലൂടെ ലോകം മുഴുവൻ കാണും.
എങ്കിലും എന്താണ് ടെഡ് ടോക്കും ടെഡ് എക്സും തമ്മിലുള്ള വ്യത്യാസം. ടെഡ്. കോമിന്റെ ഇവന്റ് ദുബായിലെത്തിക്കുകയെന്നതാണ് പൂജയുടെ ഏറ്റവും വലിയ ലക്ഷ്യം. പരിപാടിയിൽ അറബ് ലോകത്തെ പ്രശസ്ത മെന്റാലിസ്റ്റും ഇല്ലുഷനലിസ്റ്റുമായ മൊയ്‌ൻ അൽ ബസ്തകിയും ജാപ്പനീസ് ഷിൻഡോ പ്രീസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ യുഇച്ചി സെറ്റോയാമയും ഉൾപ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 12 പേരാണ് പങ്കെടുത്തുത്. ഇതിൽ ഒരു ദമ്പതികൾ ഉൾപ്പെടെ നാലുപേർ മലയാളികളായിരുന്നു.