Image: Reuters

Image: Reuters

'നമ്മളത് നേടി. നിങ്ങള്‍ രാപ്പകലില്ലാതെ പ്രചാരണം നടത്തി, പൊരുതി, വോട്ട് ചെയ്തു.. ഇതാ അത് വന്നു ചേര്‍ന്നിരിക്കുന്നു. നിങ്ങള്‍ ഈ രാജ്യത്തെ മാറ്റിമറിച്ചിരിക്കുന്നു. ബ്രിട്ടന് അതിന്‍റെ ഭാവികാലം തിരികെ ലഭിച്ചിരിക്കുന്നു. ചുമലുകളില്‍ നിന്ന് ഭാരമിറങ്ങിപ്പോയ ആശ്വാസത്തോടെയാകും ഈ രാവ് പുലരുക. പ്രതീക്ഷയുടെ പുതുപ്രകാശം നമ്മളെ പുല്‍കും. .. നിറഞ്ഞ കൈയടികള്‍ക്കിടയില്‍ ആയിരക്കണക്കിന് വരുന്ന അണികള്‍ക്കിടയില്‍ നിന്ന് കെയി​ര്‍ സ്റ്റാര്‍മര്‍ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. 

BRITAIN-ELECTION/

മൂന്ന് വര്‍ഷം മുന്‍പ് ബോറിസ് ജോണ്‍സന്‍റെ  കണ്‍സര്‍വേറ്റീവുകളോട് ഉപതിരഞ്ഞെടുപ്പില്‍ തോറ്റതോടെ രാഷ്ട്രീയം വിടാന്‍ തീരുമാനിച്ചയാളില്‍ നിന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയായുള്ള വരവ്. ചരിത്രപ്പിറവിക്കൊപ്പം ഒപ്പം അദ്ഭുതങ്ങളും നിറഞ്ഞതാണ് കെയിര്‍സ്റ്റാര്‍മറിന്‍റെ ജീവിതം. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം തൂത്തെറിഞ്ഞ് വമ്പന്‍ തിരിച്ച് വരവാണ് കെയിറിന്‍റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയിരിക്കുന്നത്. പ്രതാപകാലത്തേക്ക് ലേബറുകളെ കൈ പിടിച്ച് നടത്താന്‍ കെല്‍പ്പുണ്ടെന്ന് ജനം വിശ്വസിച്ച നേതാവാണ് ഇന്ന് കെയിര്‍ സ്റ്റാര്‍മര്‍.

ആരാണ് കെയിര്‍ സ്റ്റാര്‍മര്‍

തൊഴിലും കുടുംബ പശ്ചാത്തലവും രാഷ്ട്രീയ ജീവിതവും കൊണ്ട് യു.കെ കണ്ട തികഞ്ഞ തൊഴിലാളി നേതാവ്. ഫാക്ടറി ജീവനക്കാരനായ അച്ഛന്‍റെയും നഴ്സായ അമ്മയുടെയും നാല് മക്കളില്‍ ഒരുവന്‍. കെന്‍റ് സറി അതിര്‍ത്തിയിലെ ഓക്സ്റ്റഡിലായിരുന്നു കെയിര്‍ സ്റ്റാര്‍മറിന്‍റെ ജനനം. സാധാരണക്കാരെ പോലെ കടബാധ്യതയെ ഭയന്ന് ജീവിച്ച കുടുംബം. ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലെ ടെലഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതും , മറ്റുള്ളവരെ പോലെ അവധി ആഘോഷിക്കാനെങ്ങും പോകാതിരുന്ന, പീത്​സ പോലും കഴിക്കാന്‍ പണമില്ലാതിരുന്ന ബാല്യവും 61–ാം വയസിലും ഓര്‍മകളെ വേട്ടയാടുന്നൊരാള്‍. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയൊരാള്‍ തൊഴിലാളികളുടെ നേതാവായതിനും പരാധീനതകളെ പിന്നിലെറിഞ്ഞ് ലീഡ്സിലും ഓക്സ്ഫഡിലും പഠിക്കാനെത്തിയതിനും പിന്നില്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു കൈമുതല്‍. അങ്ങനെയുള്ള കെയിറാണ് അതിസമ്പന്നനായ, രാജ കുടുംബത്തോട് പോലും സമ്പത്തില്‍ കിടപിടിക്കുന്ന റിഷി സുനകിനെ പരാജയപ്പെടുത്തിയത്. 

APTOPIX Britain Election

ഫുട്ബോളില്‍ സെന്‍റര്‍ ലെഫ്റ്റായി കളിക്കാന്‍ താല്‍പര്യപ്പെട്ട വയലിന്‍ പഠിച്ച, കാണുന്നതിനോടെല്ലാം കലഹിക്കാനൊരു ത്വര ഉള്ളിലുണ്ടായിരുന്ന യൗവനകാലം. പക്ഷേ രാഷ്ട്രീയം, അത് കെയിറിന്‍റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാന്‍ ആര്‍ക്കും ആവില്ലല്ലോ. പേരിടുമ്പോള്‍ മുതല്‍ തുടങ്ങുന്നു കെയിര്‍ പോലുമറിയാതിരുന്ന ആ രാഷ്ട്രീയ ബന്ധം. ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന കെയ്​ര്‍ ഹാര്‍ഡിയോടുള്ള ആദരസൂചകമായിയാണ് തൊഴിലാളിയായ അച്ഛന്‍ മകന് കെയ്ര്‍ എന്ന പേര് നല്‍കിയത്.  ലേബറുകളുടെ യൂത്ത് മൂവ്മെന്റായ യങ് സോഷ്യലിസ്റ്റുകളുടെ ആശയങ്ങള്‍ കെയിറിനെ സ്വാധീനിച്ചു. കുടുംബത്തില്‍ നിന്ന് ആദ്യമായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സിദ്ധിച്ചൊരാളും കെയിര്‍ ആയിരുന്നു. പരാധീനതകളോട് പടവെട്ടി ലീഡ്സിലും അവിടെ നിന്ന് ഓക്സ്​ഫെഡിലുമെത്തി. 

സോഷ്യലിസ്റ്റ് ലോയര്‍ എന്ന മാസികയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച കെയിര്‍ പേരെടുത്ത മനുഷ്യാവകാശ അഭിഭാഷകനായി മാറി. ഇക്കാലത്തൊന്നും കരിയറല്ലാതെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാന്‍ കെയിര്‍ ആലോചിച്ചത് പോലുമില്ല. 2008 ല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷനും, ഇംഗ്ലണ്ടിന്‍റെയും വെയ്ല്‍സിന്‍റെയും ചീഫ് പ്രോസിക്യൂട്ടറുമായി.  സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്ത് 2014ലാണ് കെയിറിന് ബ്രിട്ടന്‍ നൈറ്റ്ഹുഡ് നല്‍കിയത്. അതോടെ കെയിര്‍ സര്‍ കെയിറായി.  'ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ബജറ്റ്' നാലിലൊന്നായി വെട്ടിക്കുറച്ചും പാര്‍ലമെന്‍ററി  ചിലവുകളുടെ പേരില്‍ എംപിമാരെ ആവശ്യമെങ്കില്‍ വിചാരണ ചെയ്യാന്‍ അധികാരം നല്‍കുന്ന നിയമത്തിനായും കെയിറിലെ നിയമ തന്ത്രജ്ഞന്‍ ഉറച്ച് നിന്നു.

വൈരുദ്ധ്യങ്ങളുടെ നേതാവ് 

തികഞ്ഞ തൊഴിലാളി നേതാവെന്ന് അറിയപ്പെടുമ്പോള്‍ തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്ര കൂടിയാണ് കെയിറിന്‍റെ ജീവിതം. കടുത്ത 'രാജവാഴ്ച' വിരുദ്ധനായ കെയിര്‍ ആഴ്ചയിലൊന്ന് വീതം ഇനി രാജാവിനെ കാണേണ്ടി വരുന്നതും തൊഴിലാളി വര്‍ഗ നേതാവായ കെയ്റിന് ലഭിച്ച 'സര്‍' ബഹുമതിയുമെല്ലാം വിധിയുടെ തമാശകളെന്ന് വിമര്‍ശകര്‍ പറയുന്നു.

52 വയസുവരെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം കെയിറിന്‍റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. വടക്കന്‍ ലണ്ടനിലെ ഉറച്ച സീറ്റില്‍ നിന്നും കെയിര്‍ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ലേബറുകള്‍ക്ക് അതത്ര നല്ലകാലം ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലേബര്‍ പാര്‍ട്ടിയിലെ പിന്‍നിരയില്‍ നിന്നും ഡൗണിങ് സ്ട്രീറ്റിലെത്തി നില്‍ക്കുന്ന കെയിറിന്‍റെ രാഷ്ട്രീയ ജീവിതം വലിയ മാറ്റങ്ങള്‍ക്കാണ് വിധേയമായത്. ജെറമി കോര്‍ബിയന്‍റെ ഉറച്ച അനുയായിയില്‍ നിന്നും അടിമുടി ദേശസ്നേഹിയായി പൊടുന്നനെ കെയിറി മാറി.  പ്രസംഗ വേദികളില്‍ 'യൂണിയന്‍ ജാക്ക്' പാറിക്കളിച്ചു. യോഗങ്ങളില്‍ 'ഗോഡ് സേവ് ദ കിങ്' മുഴങ്ങി. ബ്രിട്ടിഷ് ദേശീയതയെ കെയിര്‍ ആളിക്കത്തിച്ചു. ലേബറുകളെ മാറ്റിയ തനിക്ക് രാജ്യത്തെയും മാറ്റാനാകുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. 

BRITAIN-ELECTION/

ജെറമി കോര്‍ബിയന്‍

അധികാരത്തിനായി വലത്തേക്ക് ചായുന്നുവെന്ന് ഇടതുപക്ഷം പോലും കെയിറിനെ വിമര്‍ശിച്ചു. കെയിര്‍ പറയുന്ന സോഷ്യലിസം ഉള്ളില്‍ നിന്ന് വരുന്നതല്ലെന്നും തണുപ്പനാണെന്നും വാദഗതികളുയര്‍ന്നു. അധികാരത്തിനായി ഇടത് ആശയങ്ങളെ കെയ്ര്‍ 2020 ല്‍ ഒറ്റുകൊടുത്തുവെന്നായിരുന്നു സോഷ്യലിസ്റ്റുകളില്‍ പലരും വാദിച്ചത്. പക്ഷേ അവരെ പോലും അമ്പരപ്പിച്ച് ആയുധക്കച്ചവടം പുനപരിശോധിക്കുക, സമ്പന്നര്‍ക്ക് നികുതി ഏര്‍പ്പെടുത്തുക, സൗകര്യങ്ങള്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരിക എന്നീ പത്ത് പ്രതിജ്ഞകളാണ് താന്‍ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കെയ്ര്‍ രംഗത്തിറങ്ങിയത്. രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും പാര്‍ട്ടിയുടെ നിലനില്‍പ്പിനും കെയിറിന്‍റെ പുരോഗമന ആശയങ്ങളെ തുണയ്ക്കേണ്ടതുണ്ടെന്ന് വിശ്വസിച്ചവരുടെ എണ്ണം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. 

സര്‍ക്കാരെന്നാല്‍ ജനസേവനത്തിനും രാഷ്ട്രീയം പൊതുനന്‍മയ്ക്കുമാണെന്ന് താന്‍ തെളിയിക്കുമെന്നാണ് കെയിറിന്‍റെ ആദ്യ പ്രഖ്യാപനം. മാറ്റത്തിന്‍റെ പുതിയ വര്‍ഷത്തിനാണ് തുടക്കമിടുന്നതെന്നും രാജ്യത്തെ നമ്മളൊന്നിച്ച് പുനര്‍നിര്‍മിക്കാന്‍ പോവുകയാണെന്നും തടിച്ചുകൂടിയ ജനങ്ങളോട് കെയിര്‍ പറഞ്ഞു. ഈ പ്രഖ്യാപനങ്ങള്‍ എത്രത്തോളം ഫലവത്താകുമെന്നാണ് ലേബറുകളും ബ്രിട്ടണും ഉറ്റുനോക്കുന്നത്. 

ENGLISH SUMMARY:

Who is Keir Starmer? Keir Starmer is the most working-class Labour Party leader of his generation. Article about Keir's political journey.