ചീനവലയിൽ കുരുങ്ങുന്ന പരലുകൾക്ക് രക്ഷപ്പെടാൻ വഴികളുണ്ടാകില്ല. കുതിച്ചു ചാടിയാലും കെണിയുടെ ആഴങ്ങളിലേക്ക് ഊർന്നുവീഴും. ചീനവലയുടെ സ്രഷ്ടാക്കളായ ചൈനയുടെ രീതിയും ഇതാണ്. എതിർക്കുന്നവർക്കുമേൽ അദൃശ്യവല വിരിക്കും. പഴുതില്ലാത്തവിധം നിരീക്ഷിക്കും. കർശനമായിത്തന്നെ. നിരീക്ഷണം ഇപ്പോൾ പൗരന്മാരുടെ ഓരോ ചലനങ്ങളിലേക്കും നീളുന്നതായാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തിന്റെ ചാരവലയത്തിൽ ചൈനീസ് ജനത വീർപ്പുമുട്ടുന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നു. ഒരു കമ്മ്യൂണിറ്റ് രാജ്യത്തെ താറടിക്കാനുള്ള പാശ്ചാത്യരുടെ പ്രൊപ്പഗാൻഡയായി മാത്രം ഇതിനെ തള്ളിക്കളയാനാകില്ല.
സമ്പൂർണ നിയന്ത്രണം ഉറപ്പാക്കാനാണ് ചൈനയുടെ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമാധികാരിയുമായ ഷി ചിൻപിങ് സ്വന്തം പ്രജകളേയും ചാരക്കണ്ണിലാക്കുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ 1989ൽ ടിയാനൻമെൻ ചത്വരത്തിൽ നടന്ന മഹാപ്രക്ഷോഭവും 'ഷി' യുടെ മനസിലുണ്ടാകണം. അവിടെ വിദ്യാർത്ഥികളടക്കം ആയിരങ്ങളെ പട്ടാളം കൂട്ടക്കുരുതിചെയ്തത് ഇതുപോലൊരു ജൂണിലായിരുന്നു. നേരിയ എതിർപ്പുപോലും ഭരണകൂടം ഇനി പൊറുക്കില്ല.അതിനാൽ രാജ്യത്തിന്റെ ഓരോ കോണുകളേയും ഗ്രിഡുകളാക്കിത്തിരിച്ച് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. നിരീക്ഷകരിൽ പൊലീസും വിമുക്തഭടന്മാരും സാധാരണക്കാരുമെല്ലാമുണ്ട്. സ്വകാര്യതയിലേക്കു പോലും കടന്നുകയറുന്നവിധം അരോചകമാണ് ഇവരുടെ പ്രവർത്തനം. തെറിയെങ്കിൽ തെറി, ഭീഷണിയെങ്കിൽ ഭീഷണി. അതാണ് നിലപാട്.
കൂർമത, കണിശത, ചടുലത. ഇതാണ് ഷി ചിൻപിങ്ങിന്റെ പൊലീസിനെ വ്യത്യസ്തരാക്കുന്നത്. അന്നാട്ടിൽ നടക്കുന്ന സംഭവങ്ങളൊന്നും പുറംലോകം അതേപടി അറിയാറില്ല. അത്രയ്ക്കുണ്ട് ചൈനയുടെ ഇരുമ്പുമറ. വിയോജിപ്പുകളുണ്ടെങ്കിലും ആ പൊലീസിങ്ങിന്റെ മൂർഛ ഒന്നറിഞ്ഞുവക്കേണ്ടതാണ്. സ്വന്തം വീട്ടിൽ പോലും മനുഷ്യർ സുരക്ഷിതരല്ലാത്ത ഇക്കാലത്തിനു ചേർന്നതാണ് ഷിയുടെ ജാഗ്രത. ഓരോ കോണിലുമുണ്ട് കണ്ണുകൾ, അത് ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന കാമറയോ പ്രതികരണ ശേഷിയില്ലാത്ത ടെക്‌നോളജിയോ അല്ല, അന്നന്നേരം പ്രതികരിക്കുന്ന മനുഷ്യമനസുകൾ അഥവാ സ്പൈ വര്‍ക്കേഴ്സ് ആണ്.
നമ്മൾ മഴയുടെ കാര്യത്തിലാണ് പൊതുവേ അലെർട്ട് പുറപ്പെടുവിക്കുന്നത്. ഷിയുടെ രാജ്യത്ത് നാടിനും വീടിനും വീട്ടുകാർക്കുമെതിരെ ഒരു മടിയുമില്ലാതെ അലെർട് ഇറക്കും. പൊലീസ് സ്റ്റേഷന്റെ ചുമരുകൾ നിറയെ ഓരോ വീടുകളിലേയും 'അംഗങ്ങളുടെ ഫോൺനമ്പറും വിവരങ്ങളുമാണ്. അതും പല നിറങ്ങളിൽ. പച്ച നിറത്തിലാണ് വിവരങ്ങളെങ്കിൽ അവർ കുഴപ്പക്കാരല്ല, വിശ്വസിക്കാം. മഞ്ഞ നിറത്തിലാണെങ്കിൽ ഒന്നു കരുതുന്നത് നല്ലതാണ്, ഓറഞ്ച് ആണെങ്കിൽ പ്രശ്‌നക്കാരാണ് അടുപ്പിക്കണ്ട എന്നു ചുരുക്കം. ഈ നിറങ്ങളിൽ തന്നെ ചിലകുടുംബത്തെ വട്ടമിട്ടും അടിവരയിട്ടും മാറ്റും, ഇടക്കിടെ താമസം മാറുന്നവരാണ്, കരുതണം, പിന്നെ ആ പൊലീസ് കണ്ണുകൾ അവർക്ക് പിന്നാലെ കാണും. അതാണ് ഷിയെന്ന ശകുനിയുടെ തന്ത്രം. ഓരോ മേഖല ഓരോ പൊലീസുകാർ ഏറ്റെടുക്കും. അവിടെ ഭൂമിക്കടിയിൽ പതിഞ്ഞിരിക്കുന്ന അപകടം പോലും മണത്തറിയും.
അതേസമയം ഈ അമിതസുരക്ഷയിൽ ജനം തൃപ്തരാണോ എന്നതാണ് പ്രസക്തം. പൊലീസിന്റെയും പട്രോളിങ്ങിന്റേയും പേരിൽ അടുക്കളയില്‍ വരെ ഇടപെടുന്ന അവസ്ഥ അരോചകമാകുന്നുണ്ട് ചൈനീസ് ജനതക്ക്. എപ്പോൾ വേണമെങ്കിലും തീ ആളിപ്പടരാം. കാരണം ജനരോഷത്തിൻ്റെ മുല്ലപ്പൂ വിപ്ലവങ്ങൾക്കു മുന്നിൽ, ഭരണകൂടങ്ങൾ ഒരു ചീനഭരണി പോലെ ഉടയുന്നതിന് സാക്ഷിയാണ് ലോകം.