എലിസബത്ത് രാജ്ഞിക്ക് II ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച രാജാവാണ് ബ്രൂണയ് സുല്‍ത്താന്‍ ഹസ്സനൽ ബോൾകി. രാജ്യത്തിന്‍റെ മേൽ സമ്പൂർണ്ണ അധികാരമുള്ള അവശേഷിക്കുന്ന ചുരുക്കം ചില ഭരണാധികാരികളിൽ ഒരാള്‍. 30 ബില്യൺ ഡോളര്‍ ആസ്തി! ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരവും സ്വര്‍ണം പൂശിയ കൊട്ടാരവും! അതായത് ചില്ലറക്കാരനല്ല പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് ആതിഥ്യമരുളിയ ബ്രൂണയ് സുല്‍ത്താന്‍. അളവില്ലാത്ത സമ്പത്തിന്‍റെയും ആഡംബരത്തിന്‍റെയും അവസാന വാക്കാണ് സുല്‍ത്താന്‍. അതിനൊത്ത ജീവിതശൈലിയാണ് ഹസ്സനാൽ ബോൾക്കിയെയും ബ്രൂണയ് എന്ന കൊച്ചുരാജ്യത്തെയും വേറിട്ടുനിര്‍ത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരമാണ് ബ്രൂണെയ് സുല്‍ത്താന് സ്വന്തമായുള്ളത്. 7,000 ആഡംബര വാഹനങ്ങളാണ് ശേഖരത്തിലുള്ളത്. 600 റോൾസ് റോയ്‌സ് കാറുകളും 450 ഫെരാരികളും 380 ബെന്‍റ്ലികളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നുവെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. തീര്‍ന്നില്ല, പോർഷെ, ലംബോർഗിനി, മെയ്ബ, ജാഗ്വാർ, ബിഎംഡബ്ല്യു, മക്‌ലാറെൻ എന്നിവയും ശേഖരത്തിലുണ്ട്.
ഏകദേശം 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെന്‍റ്ലി ഡോമിനാർ എസ്‌യുവി, ഹൊറൈസൺ ബ്ലൂവിലുള്ള പോർഷെ 911, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്സ് സിൽവർ സ്പർ II എന്നിവയാണ് ഹസ്സനാൽ ബോൾക്കിയുടെ ശേഖരത്തിലെഏറ്റവും ശ്രദ്ധേയമായ വാഹനങ്ങൾ. ഏകദേശം 5 ബില്യൺ ഡോളറാണ് ഈ കാര്‍ ശേഖരത്തിന്‍റെ മാത്രം മൂല്യം. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരത്തിനുടമയെന്ന ഗിന്നസ് റെക്കോര്‍ഡും സുല്‍ത്താന് സ്വന്തമാണ്.
അദ്ദേഹത്തിന്‍റെ, മല പോലെ കുമിഞ്ഞ് കൂടിയ സമ്പത്തിന്‍റെ ഒരറ്റം മാത്രമാണ് ഈ കാര്‍ ശേഖരം. അതിനുമപ്പുറത്ത്, ലോകത്തില്‍ നിലവില്‍ താമസമുള്ള ഏറ്റവും വലിയ കൊട്ടാരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിലാണ് സുൽത്താൻ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന കൊട്ടാരം 22 കാരറ്റ് സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അഞ്ച് നീന്തൽക്കുളങ്ങൾ, 1,700 കിടപ്പുമുറികൾ, 257 കുളിമുറികൾ, 110 ഗാരേജുകൾ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. 30 ബംഗാൾ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും ഒരു ബോയിംഗ് 747 വിമാനവും സുൽത്താന് സ്വന്തമായുണ്ട്. 'പറക്കുന്ന കൊട്ടാരം' എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്.
സുല്‍ത്താന്‍റെ ആസ്തി. വലിപ്പത്തില്‍ ചെറുതെങ്കിലും ബ്രൂണെയുടെ എണ്ണ, വാതക ശേഖരം തന്നെയാണ് സുല്‍ത്താന്‍റെ സമ്പത്തിന്‍റെ കരുത്ത്. സുൽത്താൻ സൈഫുദ്ദീൻ സിംഹാസനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 1967 ലാണ് ഹസ്സനാൽ ബോൾക്കി ബ്രൂണെയ്‌യുടെ സുല്‍ത്താനാകുന്നത്. 1968 ഓഗസ്റ്റ് 1 ന് ബ്രൂണെ ഔദ്യോഗികമായി കിരീടമണിഞ്ഞു. ബ്രൂണെയുടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ധനമന്ത്രിയുമാണ് അദ്ദേഹം.
ബ്രൂണയ് സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇരുരാജ്യങ്ങളുമായി നാലുപതിറ്റാണ്ട് നീളുന്ന നയതന്ത്രബന്ധമാണുള്ളത്. ബ്രൂണയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്.