TOPICS COVERED

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ശ്രീലങ്കയിലെ മാര്‍ക്സിസ്റ്റ്, ലെനിനിസ്റ്റ്, കമ്യൂണിസ്റ്റ് പാർട്ടിയായ ജനത വിമുക്തി പെരമുനയുടെ നേതാവ് അനുരകുമാര ദിസനായകെയാണ് ദ്വീപ് രാഷ്ട്രത്തിന്‍റെ പുതിയ പ്രസിഡന്റ്. യാഥാസ്ഥിതിക നയങ്ങളെയും രാജ്യത്തിന്‍റെ ഭരണം കയ്യാളിയിരുന്ന കുടുംബങ്ങളേയും നേതാക്കളേയുമൊക്കെ വെല്ലുവിളിച്ച് പ്രചാരണരംഗത്ത് ജനപ്രീതി നേടിയ നാഷനൽ പീപ്പിൾസ് പവര്‍ സഖ്യ നേതാവ്. ദിസനായകെ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും മല്‍സരം കടുത്തതായിരുന്നു. ഇടതുനേതാവിന്‍റെ ഈ ജയം ഇന്ത്യയടക്കം അയല്‍രാജ്യങ്ങളോടുള്ള നയത്തില്‍ മാറ്റമുണ്ടാക്കുമോ? ചൈനയോട് അടുപ്പമുള്ള നേതാവെന്നറിയപ്പെടുന്ന ദിസനായകെ ഭരണത്തിലേറുമ്പോള്‍ ഇന്ത്യയോടുള്ള സമീപനം എങ്ങനെയായിരിക്കും?

2022ലെ ജനകീയപ്രക്ഷോഭത്തെ പിന്തുണച്ചാണ് ദിസനായകെ, യുവജനങ്ങളുടെയടക്കം പിന്തുണ നേടിയത്. രാഷ്ട്രീയ, സാമ്പത്തിക മേഖലയില്‍ തകര്‍ന്നുകിടക്കുന്നൊരു രാജ്യത്തോടുള്ള വാഗ്ദാനം സമൂലനയം മാറ്റമായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും തുടച്ചുനീക്കിയും സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതിയും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ജീവിതസുരക്ഷ ഉറപ്പാക്കുന്ന പുതിയ രാഷ്ട്രം നിർമിക്കുമെന്ന ദിസനായകെയുടെ വാഗ്ദാനം ജനം വിശ്വസിച്ചു. അതില്‍ പ്രതീക്ഷയര്‍പ്പിച്ചു.  യുവജന-തൊഴിലാളി-വനിതാ സംഘടനകളടക്കം 21 വ്യത്യസ്ത ഗ്രൂപ്പുകളുടെ പ്രതിനിധിയായി എന്‍പിപി സഖ്യത്തിന്‍റെ നേതാവായാണ് ദിസനായകെ പോരിനിറങ്ങിയത്. അത്തരം സംഘടനകളുടെ പിന്തുണയായിരുന്നു ദിസനായകെയെ നായകസ്ഥാനത്ത് പ്രതിഷ്ടിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രം എന്നും ഇന്ത്യയോട് അനുകൂല നിലപാടാണ് സ്വീകരിച്ചുപോരുന്നത്. സഹായത്തിന്‍റേയും നിക്ഷേപത്തിന്‍റെയും പേരില്‍ ചൈനയും ശ്രീലങ്കയെ ലക്ഷ്യമിടുന്ന കാലത്ത് പുതിയ പ്രസിഡന്റിന്റെ നയം ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ്. ദിസനായകയുടെ പാര്‍ട്ടിയായ ജനതവിമുക്തി പെരമുനയുടെ ഇന്ത്യയോടുള്ള എതിര്‍പ്പ് പാര്‍ട്ടിയുടെ സ്ഥാപകകാലം മുതലുള്ളതാണ്. ശ്രീലങ്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നായിരുന്നു സ്ഥാപക നേതാവ് രോഹന്ന വിജിവീരയുടെ വാദം.

1987 ലെ ഇന്ത്യ–ശ്രീലങ്ക ഉടമ്പടിയെ എതിര്‍ത്തതും ഇതേ കാരണങ്ങള്‍ പറഞ്ഞായിരുന്നു. കരാറിന്‍റെ ഭാഗമായി ഇന്ത്യന്‍ സേന ശ്രീലങ്കയിലെത്തിയപ്പോള്‍ അത് കടന്നുകയറ്റമെന്നായിരുന്നു പാര്‍ട്ടി നയം. ഒപ്പം തമിഴ്പുലികള്‍ക്ക് ഇന്ത്യ അനാവശ്യ പിന്തുണ നല്‍കുന്നുവെന്നും ജെവിപി ആരോപിച്ചിരുന്നു. കാലം മാറിയപ്പോള്‍ ആ ഇന്ത്യ വിരുദ്ധതയ്ക്ക് കുറവുണ്ടായെന്നാണ് വിലയിരുത്തല്‍‌. പുതിയ നേതാക്കളില്‍ പ്രമുഖനായ ദിസനായകെ ഉള്‍പ്പെടെയുള്ളവര്‍‌ അത്തരം ഇന്ത്യ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നില്ലെന്നതാണ് യാഥാര്‍‌ഥ്യം. അതിനാല്‍ തന്നെ അധികാരത്തിലേറുമ്പോഴും അത്തരം നയരൂപീകരണങ്ങളിലേക്ക് കടക്കില്ലെന്ന് തന്നെയാണ് കരുതുന്നത്.

2024 ഫെബ്രുവരിയില്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ദിസനായകെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാങ്കേതിക വിദ്യയിലടക്കം ഇന്ത്യയില്‍ നിന്ന് ഏറെ നേടാനുണ്ടെന്നും അത്തരം മേഖലകളില്‍ ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായും അന്ന് ദിസനായകെ പറഞ്ഞിരുന്നു. പുനരുപയോഗ ഊര്‍ജം അടക്കം മേഖലകളില്‍ വിദേശനിക്ഷേപം ക്ഷണിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച നേതാവ്, ഇന്ത്യയോടും ചൈനയോടും ഒരുപോലെയുള്ള നയമായിരിക്കും സ്വീകരിക്കുകയെന്നാണ് പറഞ്ഞിട്ടുള്ളത്.

ഒരുരാജ്യത്തേയും കൂടുതലായി ആശ്രയിക്കാതെയുള്ള നയം സ്വീകരിക്കുമെന്ന തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനം പ്രാബല്യത്തിലാക്കുന്ന രീതി കണ്ടറിയേണ്ടിയിരിക്കുന്നു. പ്രക്ഷോഭത്തിന് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിന് സഹായഹസ്തം നീട്ടിയ ഇന്ത്യയെ മറന്നൊരു നയം പുതിയ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നുതന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. കാരണം അന്നും ഇന്നും ആദ്യസഹായഹസ്തവുമായെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യയ്ക്ക് സമുദ്രസുരക്ഷ ഉറപ്പാക്കാന്‍ ശ്രീലങ്കയുടെ സഹായം അവശ്യമെന്നതിനപ്പുറം ശ്രീലങ്കയുടെ സാമ്പത്തിക സാമൂഹിക മുന്നേറ്റത്തിന് ഇന്ത്യയുടെ സഹായം കൂടിയേതീരൂ. അത് ആരെക്കാളും കൂടുതലറിയാവുന്നൊരു നേതാവാണ്, ‍ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലൂടെ പിന്തുണ സ്വന്തമാക്കി അധികാരത്തിലേറിയ അനുരകുമാര ദിസനായകെയെന്നതാണ് യാഥാര്‍ഥ്യം.