AI Generated Image

TOPICS COVERED

പ്രായമാകുന്ന ജനസംഖ്യയെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ജര്‍മനിയില്‍ വര്‍ഷത്തില്‍ ലക്ഷക്കണക്കിന് വിദേശ തൊഴിലവസരം തുറക്കുമെന്ന് ബെര്‍ട്ടല്‍സ്മാന്‍ സ്റ്റിഫ്റ്റംഗിന്‍റെ പഠനം. 2040 വരെ വര്‍ഷത്തില്‍ 2.88 ലക്ഷം വിദേശ തൊഴിലാളികളെ ജര്‍മനിക്ക് ആവശ്യമായി വരും.

Also Read: ഓടുന്ന ട്രെയിനിനു മുകളില്‍ എതിര്‍വശത്തേക്ക് ഓടുന്ന യുവതി; ഞെട്ടിപ്പിക്കും വിഡിയോ

സ്ത്രീകള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലെങ്കില്‍ വര്‍ഷത്തില്‍ 3.68 ലക്ഷം വിദേശ തൊഴിലാളികളെയാണ് രാജ്യത്ത് ആവശ്യമായ വരിക.  ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കിടയില്‍ സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കുടിയേറ്റം ആവശ്യമാണെന്നും പഠനത്തിലുണ്ട്. 

ബേബി ബൂമര്‍ ജനറേഷന്‍ ജര്‍മന്‍ വര്‍ക്ക് ഫോഴ്സില്‍ നിന്ന് ഒഴിവായി തുടങ്ങി. ഇതിനൊപ്പം വരുന്ന വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വലിയ അളവിലുള്ള വിരമിക്കല്‍ രാജ്യത്തിന്‍റെ തൊഴില്‍ ശേഷിയില്‍ കാര്യമായ ഇടിവുണ്ടാക്കും.

കൃത്യമായ പ്രതിരോധ നടപടികളില്ലെങ്കില്‍ ഇത് സമ്പദ്‍വ്യവസ്ഥയെ മന്ദഗതിയിലാക്കും. ആഭ്യന്തര തൊഴിലാളികളുടെ എണ്ണം പരമാവധിയിലെത്തിയാലും വിദേശ തൊഴിലാളികളില്ലാതെ തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ സാധിക്കില്ലെന്നും പഠനം  പറയുന്നു. 

Also Read: സൗദിയിലേക്ക് പറക്കാം; സ്റ്റാഫ് നഴ്സ് ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

ജര്‍മനിയില്‍ വരുന്ന പുതിയ തൊഴിലവസരം ഇന്ത്യക്കാര്‍ക്ക് നേട്ടമാകും. വിദേശികളും ജർമൻ പൗരന്മാരും ഉൾപ്പെടെ ഇന്ത്യൻ വംശജരായ 2,73,000 ആളുകൾ ഇതിനകം ജര്‍മനിയിലുണ്ട്. അഫ്‍ഗാനിസ്ഥാന് ശേഷം ദക്ഷിണേഷ്യയില്‍ നിന്നുള്ള ഏറ്റവും വലിയ സമൂഹം ഇന്ത്യക്കാരുടേതാണ്. ഈ മാസം ആദ്യം തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ 2024 ല്‍ 10 ശതമാനം അധികം പ്രൊഫഷണല്‍ വിസ അനുവദിക്കാന്‍ ജര്‍മനി തീരുമാനിച്ചിരുന്നു. 

വരും വര്‍ഷം പ്രൊഷണല്‍ വീസകളുടെ എണ്ണം 2 ലക്ഷമായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 20,000 വീസകളാണ് ഇന്ത്യന്‍ സ്കില്‍ഡ് വര്‍ക്കേഴ്സിന് അനുവദിച്ചിരുന്നതെങ്കില്‍ ഇത് 90,000 എണ്ണമായി ഉയര്‍ത്തുകയും ചെയ്യും.  ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച ജര്‍മന്‍ ചാന്‍സ്‍ലര്‍ ലാഫ് ഷോൾസ് ജര്‍മനി ഇന്ത്യക്കാരെ സ്വീകരിക്കുന്നതിനെ പറ്റി തുറന്നു പറഞ്ഞിരുന്നു. ഇന്ത്യന്‍ സമൂഹത്തെ ചൂണ്ടിക്കാട്ടി ജര്‍മനി സ്കില്‍ഡ് വര്‍ക്കേഴ്സിന് തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Germany needs 2,88,000 foreign workers yearly Indians can benefit from it