ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഓപൺ ഹൗസിൽ പരാതികളുമായി എത്തിയത് നൂറുകണക്കിന് പ്രവാസികൾ. ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലേയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
അധികാരികളെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ കഴിയുന്നതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികളുടെ പരാതികൾ നേരിട്ട് കേൾക്കാൻ ദുബായ് കോൺസുൽ ജനറലും ഉദ്യോഗസ്ഥരും നേരിട്ടെത്തി. മുൻകൂർ അനുമതി ആവശ്യമില്ലെന്നതും പ്രവാസികൾക്ക് സഹകരമായി. പരാതികളുമായി എത്തിയ എല്ലാവരെയും കോൺസുൽ ജനറൽ സതീഷ് കുമാർ ശിവയും ഉദ്യോഗസ്ഥരും കേട്ടു. 120 പരാതികളാണ് സ്വീകരിച്ചത്.
പാസ്പോർട്ട്– അനുബന്ധ സേവനങ്ങൾ, വീസ, ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്, വിദ്യാഭ്യാസം, തൊഴിൽ, വ്യാപാര വ്യവസായ മേഖലയിലെ പ്രശ്നങ്ങളും പരാതികളായി എത്തി. ചിലതിന് ഉടൻ പരിഹാരം കാണാനായപ്പോൾ മറ്റ് ചിലത് തീർപ്പു കൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലേക്കു ശുപാർശ ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും അവരുടെ ആവശ്യങ്ങളും നേരിട്ട് അറിയാനും പ്രശ്നങ്ങൾക്ക് എത്രയുംവേഗം പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് ദുബായ് കോൺസിലേറ്റിന്റെ നേതൃത്വത്തിൽ ഇത്തരം ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം ഈ മാസം ആദ്യമാണ് ഓപ്പൺ ഹൗസ് കോൺസുലേറ്റ് പുനരാരംഭിച്ചത്.