ഒരിക്കലും മടക്കമില്ലാത്തയിടത്തേക്ക് മകൻ യാത്രയായത് അറിയാതെ സുരേഷ് കുമാർ കാത്തിരുന്നത് അഞ്ചുമാസക്കാലം. ഷാർജയിൽ നിന്ന് കാണാതായ മകൻ മരിച്ചതായി കഴിഞ്ഞദിവസം പൊലീസ് സുരേഷിനെ അറിയിച്ചു. തിരിച്ചറിയാത്തതിനാൽ അജ്ഞാത മൃതദേഹം എന്ന പേരിൽ പിന്നീട് സംസ്കരിക്കുകയായിരുന്നു.
സ്വകാര്യ കമ്പനിയിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്ന ജിത്തുവിനെ മാർച്ച് മാസം പത്ത് മുതലാണ് ഷാർജയിൽ നിന്ന് കാണാതായത്. അന്ന് തുടങ്ങിയതാണ് തൃശൂർ മാള കുഴൂർ സ്വദേശി സുരേഷ് മകനായുള്ള അന്വേഷണം. പോകാത്ത ഇടങ്ങളും തിരയാത്ത സ്ഥലങ്ങളുമില്ല. ഒരു വിവരവും കിട്ടാതിരുന്നിട്ടും സുരേഷ് പ്രതീക്ഷ കൈവിട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഷാർജ പൊലീസിന്റെ വിളിയെത്തിയത് സുരേഷിന്റെ ഏല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചായിരുന്നു.
കാണാതായി പത്ത് ദിവസത്തിന് ശേഷം ജിത്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഷാർജ കോർണിഷിലെ ഒരു ഹോട്ടലിന്‍റെ സ്റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും അഴുകിയ നിലയിലായിരുന്നെന്നും പൊലീസ് സുരേഷിനെ വിളിച്ചറിയിച്ചു. ആളെ തിരിച്ചറിയാനാവാത്തതിനാൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം മൂന്ന് മാസങ്ങൾക്ക് ശേഷം പിന്നീട് സംസ്കരിക്കുകയായിരുന്നു. മൂന്ന് മാസത്തിൽക്കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ ആയിരുന്നു ഇത്.
കഴിഞ്ഞദിവസം സുരേഷിന്‍റെയും ജിത്തുവിന്‍റെയും ഡിഎൻഎ പരിശോധിച്ചാണ് മരിച്ചത് ജിത്തുവാണെന്ന് സ്ഥിരീകരിച്ചത്. മകനെ അവസാനമായി ഒരുനോക്ക് കാണാനാകാത്തെ ദുഖവും പേറി മരണാനന്തരകർമങ്ങൾ ചെയ്യാൻ നാട്ടിലെത്തിയിരിക്കുകയാണ് സുരേഷ് ഇപ്പോൾ.