മിസിസ് യുഎസ്എ സൗന്ദര്യ മല്‍സരങ്ങളില്‍ തിളങ്ങി മലയാളി. മൂന്ന് കുട്ടികളുടെ അമ്മയായ തിരുവല്ലക്കാരി സ്മിത ഭാസി സഞ്ജീവാണ് മിസിസ് യുഎസ്എ കിരീടം നേടിയത്. ഒരുവര്‍ഷംകൊണ്ട് മൂന്ന് കിരീടമാണ് സ്മിത നേടിയത്. മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലൈന, മിസിസ് എടിഎ നാഷനല്‍, മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കരോലൈന എന്നീ കിരീടങ്ങളാണ് സ്മിത 2024ല്‍ നേടിയത്.
മേയില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലൈന കിരീടം നേടിയാണ് സ്മിത സൗന്ദര്യമല്‍സരങ്ങളില്‍ ചുവട് ഉറപ്പിച്ചത്. അമേരിക്കയിലെ ഷാര്‍ലറ്റില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയര്‍ ആയ സ്മിത കുച്ചിപ്പുടി നര്‍ത്തികികൂടിയാണ്. ഭര്‍ത്താവ് സഞ്ജീവും ഷാര്‍ലറ്റില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറാണ്.
പതിനാലും പതിനൊന്നും ഏഴും വയസുള്ള മൂന്ന് ആണ്‍മക്കളുടെ അമ്മയാണ് സ്മിത. സൗന്ദര്യലോകത്തിലെ ചുവടുവയ്പ്പിനൊപ്പം സന്നദ്ധ സേവനരംഗത്തും സ്മിതയുടെ കയ്യൊപ്പുണ്ട്. മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഭാഗമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യസത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്നു. കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് എല്ല നേട്ടങ്ങളുടെയും കരുത്തെന്ന് സ്മിതപറയുന്നു. മിസിസ് യുഎസ്എ യൂണിവേഴ്സ് മല്‍സരത്തിലെ ടോപ് ഫൈവിലേക്കും സ്മിതയെ തിരഞ്ഞെടുത്തിട്ടുണ്ട്.