ma-yusafali

ജീവനക്കാരോടും പൊതുഇടത്തിലുമുള്ള ഇടപെടലുകളാണ് സാധാരണ ബിസിനസുകാരില്‍ നിന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലിയെ വ്യത്യസ്തനാക്കുന്നത്. യൂസഫലിയുടെ കരുണയും സഹാനുഭൂതിയും പലപ്പോഴും വാര്‍ത്തയായിട്ടുണ്ടെങ്കിലും പുതിയൊരു വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മരണപ്പെട്ട ലുലു ജീവനക്കാരന്‍റെ മയ്യത്ത് പ്രാര്‍ഥനയില്‍ പങ്കെടുത്ത് ആദരം ഏറ്റുവാങ്ങുകയാണ് അദ്ദേഹം. 

അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ്‌ സൂപ്പർവൈസര്‍ തിരൂർ കന്മനം സ്വദേശി ഷിഹാബുദ്ധീന്റെ മയ്യത്ത് നിസ്കാരത്തിലാണ് യൂസഫലി പങ്കെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഷിഹാബുദ്ധീന്‍റെ മരണം. പ്രാര്‍ഥനയ്ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് വരെ യൂസഫലി ഒപ്പമുള്ള ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. 

ജീവനക്കാരന് അനുശോചനം അറിയിച്ച് യൂസഫലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം 40 ലക്ഷം പേരാണ് കണ്ടത്. 'ഹൃദയാഘാതം മൂലം അന്തരിച്ച അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ്‌ സൂപ്പർവൈസറും തിരുർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്കാരം. അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ' എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. 

യൂസഫലിയുടെ ഈ സഹാനുഭൂതിയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു ബോസ് എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റ്. 'ഒരു മനുഷ്യൻ മരണപ്പെട്ടു... അദ്ദേഹത്തിന്റെ മയ്യത്ത് നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്നത് രാജ്യത്തേ തന്നെ ഏറ്റവും വലിയ കോടീശ്വരനും, മരണപ്പെട്ട ആളുടെ കമ്പനി ഉടമസ്ഥനും... ഇതൊക്കെയാണ് മനുഷത്വം, ഇതൊക്കെയാണ് ഇസ്ലാം പഠിപ്പിക്കുന്നതും' എന്നാണ് മറ്റൊരാള്‍ എഴുതിയത്. 

'ജീവിതത്തിൽ ലുലു എന്ന സ്ഥാപനത്തെ നെഞ്ചേറ്റിയ സഹപ്രവർത്തകനായ തൊഴിലാളിയെ മരണാന്തരം തോളിലേറ്റുന്ന മുതലാളി ..മാതൃകയുണ്ട് ജീവിതത്തിലും ,വിശ്വാസത്തിലും', 'ലോകം അറിയ പെടുന്ന ഒരു ബിസിനസ് കാരൻ തന്റെ തൊഴിലാളി മരണ പെട്ടപ്പോൾ ആ മയ്യിത്തിനോട് കാണിച്ച് ആദരവ് അദ്ദേഹത്തിന്റെ ഹൃദയ വിശാലത എത്രയാണെന്ന് ഞമ്മൾ ചിന്തിക്കുന്നതിലും എത്രയോ മേലയാണ്' എന്നും കമന്‍റിലുണ്ട്. ഉടമയും തൊഴിലാളിയും തമ്മിലുള്ള മികച്ച ബന്ധം. ലോകത്തിന് മികച്ച മാതൃക എന്നും കമന്‍റിലുണ്ട്. 

ENGLISH SUMMARY:

Lulu Group Chairman M.A. Yusuff Ali attended the funeral prayer of a deceased Lulu employee, showcasing his compassion. The viral video has garnered 4 million views, earning widespread social media praise.