രണ്ടുവര്‍ഷം ബ്രിട്ടണില്‍ തങ്ങാം, പഠിക്കാം, ജോലി ചെയ്യാം, യാത്ര ചെയ്യാം. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ 2025ലെ ബെസ്പോക് വീസ ഈമാസം 18 മുതല്‍ 20 വരെ അപേക്ഷിക്കാം. യുകെ–ഇന്ത്യ യങ് പ്രഫഷണല്‍സ് സ്കീം 2025 വഴിയാണ് ഈവര്‍ഷം മൂവായിരം ഇന്ത്യക്കാര്‍ക്ക് വീസ അനുവദിക്കുന്നത്. ഇതിനുള്ള ബാലറ്റുകള്‍ ചൊവ്വാഴ്ച ഓപ്പണ്‍ ചെയ്യും. വ്യാഴാഴ്ച വരെ ബാലറ്റുകള്‍ എന്‍റര്‍ ചെയ്യാം.
യോഗ്യതകള്‍: 18 മുതല്‍ 30 വയസുവരെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് വൈപിഎസ് (The UK India Young Professionals Scheme 2025) സ്കീമില്‍ വീസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ബ്രിട്ടണിലേക്ക് യാത്ര തിരിക്കുന്ന ദിവസം അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. ബ്രിട്ടിഷ് ലെവല്‍ ബാച്ചിലേഴ്സ് ഡിഗ്രിയോ അതിനുമുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടാകണം. ബ്രിട്ടണില്‍ തങ്ങാനുള്ള ചെലവിലേക്കായി അപേക്ഷകന്‍റെ അക്കൗണ്ടില്‍ കുറഞ്ഞത് 2,530 ബ്രിട്ടിഷ് പൗണ്ട് (2,76,000 രൂപ) ഉണ്ടായിരിക്കണം. വീസ അപേക്ഷിക്കുന്നതിന് തൊട്ടുമുന്‍പുള്ള 31 ദിവസത്തിനിടെ 28 ദിവസം തുടര്‍ച്ചയായി ഈ തുക അക്കൗണ്ടില്‍ ഉണ്ടാകണം.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടണെക്കുറിച്ചും അവിടത്തെ സാഹചര്യങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മികച്ച അവബോധം ഉണ്ടാകുന്നതിനും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യയെക്കുറിച്ചും ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ രൂപപ്പെടുത്തുന്നതിനും ബെസ്പോക് വീസ മികച്ച അവസരമാണെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ സിന്‍ഡി കാമറണും കേരളത്തിന്‍റെയും കര്‍ണാടകയുടെയും ചുമതലയുള്ള ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ചന്ദ്രു അയ്യരും പറഞ്ഞു.
യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മേല്‍പ്പറഞ്ഞ യോഗ്യതകളുള്ള ഇന്ത്യക്കാര്‍ക്ക് മറ്റൊരു തടസവുമില്ലാതെ ബാലറ്റ് എന്‍റര്‍ ചെയ്യാം. ബാലറ്റ് എന്‍റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇമെയില്‍ മുഖേന അറിയിപ്പ് ലഭിക്കും. ഇമെയില്‍ ലഭിച്ച് 90 ദിവസത്തിനകം വീസ അപേക്ഷ ഓണ്‍ലൈനായി നല്‍കണം. ബയോമെട്രിക് വിവരങ്ങള്‍ കൈമാറുന്നതിനൊപ്പം വീസ ആപ്ലിക്കേഷന്‍ ഫീസും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഉള്‍പ്പെടെയുള്ള ഫീസുകള്‍ കൂടി അടയ്ക്കണം. രണ്ടുവര്‍ഷത്തെ വീസ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യയിലേക്കും യുകെ പൗരന്മാര്‍ യുകെയിലേക്കും മടങ്ങണമെന്നാണ് നിബന്ധന.