meliha-national-park

ഷാർജയിലെ മെലീഹ നാഷണൽ പാർക്കിനെ സംരക്ഷിത ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം.  ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ദേശീയോദ്യാനത്തിന്റെ പ്രവർത്തനം.

രണ്ട് ലക്ഷം വർഷം പഴക്കമുള്ള, ആദ്യകാല മനുഷ്യകുടിയേറ്റത്തിന്റെ തെളിവുകൾ കണ്ടെത്തിയ സ്ഥലമാണ് ഷാർജയിലെ മെലീഹ മരുഭൂമി. ആ പ്രദേശത്തെയാണ് സംരക്ഷിത ദേശീയോദ്യാനമാക്കി മാറ്റുന്നത്. 34 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.  ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് പ്രഖ്യാപനം.  മേഖലയിലെ  ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയ മെലീഹ, യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയോദ്യാനത്തിന് സംരക്ഷണവേലി കെട്ടുന്നത് ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും. 

വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മെലീഹ ദേശിയോദ്യാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇവിടെ ഗവേഷണത്തിനും അവസരങ്ങളുണ്ടാകും. മൃഗവേട്ട, വാഹനങ്ങളുടെ ഉപയോഗം ഉൾപ്പെടെ അനുവദിക്കില്ല. പ്രകൃതിക്ക് കോട്ടം തട്ടുന്ന ക്യാംപിങ്ങ് അടക്കമുള്ള വിനോദപരിപാടികൾക്കും  നിയന്ത്രണമുണ്ടാകും.  

Meliha National Park has been declared as a protected national park