ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദെൻ,  മുഹമ്മദ് ആറ്റയുടെ മകളെ വിവാഹം കഴിച്ചതായി റിപ്പോർട്ട്. 2001ല്‍ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനാണ് ആറ്റെ. 

ബിൻ ലാദന്റെ അർദ്ധസഹോദരന്മാരായ അഹമ്മദും ഹസൻ അല്‍ അറ്റാസുമാണ് വിവരം പുറത്തുവിട്ടത്. ദ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ‌നിലവിൽ ഹംസ അഫ്ഗാനിസ്താനിലാണെന്ന സൂചനയും ഇവർ പങ്കുവെച്ചു. 

അൽ ഖയിദയില്‍ ഹംസക്ക് ഉയർന്ന സ്ഥാനമുണ്ടെന്നും പിതാവിന്റെ കൊലപാതകത്തിന് പകരം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇവർ പറയുന്നു. പാകിസ്താനിൽ നടന്ന സൈനിക റെയ്ഡിനിടെ 2011 മെയ് രണ്ടിനാണ് അമേരിക്ക ലാദനെ വെടിവെച്ചുകൊന്നത്. 

ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. അബോട്ടാബാദിൽ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്. ലാദൻ കൊല്ലപ്പട്ടതിനുശേഷം അമേരിക്കക്കും ഫ്രാൻസിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിട്ടുണ്ട്.

ലാദന്റെ മറ്റൊരു മകൻ അബോട്ടാബാദിലെ റെയ്ഡിനിടെ കൊല്ലപ്പെട്ടിരുന്നു. തന്റെ പകരക്കാരനായി ലാദൻ‌ പരിഗണിച്ചിരുന്നത് ഹംസയെ ആയിരുന്നു എന്ന് ലാദനെഴുതിയ കത്തുകളിൽ നിന്ന് വ്യക്തമായിരുന്നു.