amara-majeed-press-meet

ഒരു നിമിഷം കൊണ്ട് ലോകം തിരയുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ ചിത്രം വരിക. അതും ഇൗസ്റ്റർ ദിനത്തിൽ ശ്രീലങ്കയെയും ലോകരാജ്യങ്ങളെയും കണ്ണീരിലാഴ്ത്തിയ ചാവേർ ആക്രമത്തെ കുറിച്ച് പുറത്തിറക്കിയ പട്ടികയിൽ. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയതിന്റെ ഞെട്ടലിലാണ് യുഎസിലെ ബ്രൗണ്‍ സർവകലാശാലാ വിദ്യാർഥി അമര മജീദ്. ചാവേർ സ്ഫോടന പരമ്പരകൾക്കു പിന്നാലെ ശ്രീലങ്കൻ ക്രിമിനൽ അന്വേഷണ വകുപ്പ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയിലാണ് അമരയുടെ ചിത്രവും അധികൃതർ ഉൾപ്പെടുത്തിയത്.

 

‘35 മിസ്ഡ് കോളുകൾ ഫോണിൽ കണ്ടാണു കഴിഞ്ഞ ദിവസം ഞാൻ ഉറക്കമെഴുന്നേറ്റത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം പകച്ചു. പിന്നീട് ശ്രീലങ്കിയലെ ബന്ധുക്കൾ അറിയിച്ചപ്പോഴാണ് വിവരം അറിയുന്നത്.’ ആ നടുക്കത്തെ അമര മാധ്യമങ്ങളോട് പങ്കുവച്ചതിങ്ങനെയാണ്. ഫാത്തിക ഖാദിയ എന്ന പേരിനൊപ്പമാണ് അധികൃതർ അമരയുടെ ചിത്രം തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതോടെ തെറ്റ് ചൂണ്ടിക്കാണിച്ച് അമര സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. കുറിപ്പ് വൈറലായതോടെ അബദ്ധം മനസിലാക്കിയ ഉദ്യോഗസ്ഥർ തെറ്റുതിരുത്തിയെങ്കിലും അമരയോട് ഖേദം പ്രകടിപ്പിക്കാൻ തയാറായില്ല. 

 

ശ്രീലങ്കയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായ അമര മജീദ്, അമേരിക്കയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ്. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ നടത്തിയ ‘ഹിജാബ് പ്രൊജക്റ്റാണ്’ അമരയെ പ്രശസ്തയാക്കിയത്. എല്ലാം സ്ത്രീകളും ഒരു ദിവസം ഹിജാബ് ധരിക്കണമെന്നും അപ്പോൾ അവർ അനുഭവിക്കേണ്ടി വരുന്ന വിവേചനം എഴുതി അറിയിക്കണം എന്നതുമായിരുന്നു പ്രൊജക്റ്റ്. 2014–ൽ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് ‘ദ് ഫോറിനേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 2016–ൽ കുടിയേറ്റക്കാരെ അധിക്ഷേപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിനു അമര അയച്ച തുറന്ന കത്തും ചർച്ചാവിഷയമായിരുന്നു.