ഒരു വ്യത്യസ്തമായ പിറന്നാളാഘോഷം കാണാം. ഭീമന്‍ പാണ്ട വര്‍ഗത്തിലെ ലോകമുത്തശ്ശി എന്നറിയപ്പെടുന്ന സിന്‍ സിങ്ങിന്റെ റെക്കോഡ് പിറന്നാള്‍ ആഘോഷിക്കുകയാണ് ചൈനയിലെ കാഴ്ചബംഗ്ളാവില്‍. 37 –ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ പ്രസരിപ്പിലാണ് സിന്‍ മുത്തശ്ശി.
ഈ ഇരിക്കുന്ന ആള്‍ ചില്ലറക്കാരിയല്ല കേട്ടോ. ലോകത്തിലെ ഏറ്റവും പ്രായമുള്ള പാണ്ട മുത്തശ്ശിയാണ്. 37 വയസ്സ്. എന്നുവെച്ചാല്‍ മനുഷ്യായുസ്സുമായി തട്ടിച്ചുനോക്കിയാല്‍ 110 വയസ്സ്. 10 മക്കളുടെ അമ്മ. ആ മക്കള്‍ക്കും മക്കളായി. പ്രത്യക്ഷത്തില്‍ സന്തതിപരമ്പരയുടെ കണക്കെടുത്താല്‍ 137 പേര്‍ വരും. അവരൊക്കെ പല രാജ്യങ്ങളിലായി കഴിയുകയാണ്. ഏതാണ്ട് 20 രാജ്യങ്ങളിലായി സിന്നിന്റെ വംശജരുണ്ട്. സാധാരണയായി കാട്ടില്‍ കഴിയൂന്ന പാണ്ടകള്‍ക്ക് കൗമാരം വരെയാണ് ആയുസ്സ്. എന്നാല്‍ നാട്ടില്‍ പരിചരണം കിട്ടി വളരുന്നവ 20 വയസ്സ് വരെയൊക്കെ ജീവിക്കും.
ചില പാണ്ടകള്‍ അതിശയിപ്പിക്കും വിധം 30 വയസ്സ് വരെയും ജീവിച്ചിരുന്നിട്ടുണ്ട്. പക്ഷെ സിന്നിനെ പോലെ ആരുമില്ല. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ങ്ക്വിങ് കാഴ്ചബംഗ്ളാവിലാണ് സിന്‍ ഉള്ളത്. 1983 ലാണ് സിന്‍ ഇവിടെ ആദ്യം എത്തുന്നത്. 1992ല്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. 2002 ല്‍ സിന്‍ ഒരു റെക്കോഡ് നേടി. 20 ാം വയസ്സില്‍ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച ആദ്യ പാണ്ട. 37 ാം വയസിലും സിന്‍ ആരോഗ്യവതിയാണ്. 98 കിലോ ഭാരമുണ്ട്. അധികൃതര്‍ എന്നും സിന്നിന്റെ രക്തസമ്മര്‍ദം പരിശോധിക്കും. 15 ദിവസത്തിലൊരിക്കല്‍ തൂക്കം നോക്കും. 3 മാസത്തിലൊരിക്കല്‍ രക്തപരിശോധന.കൂടാതെ സിന്നിനെ പരിചരിക്കാന്‍ മാത്രം കാഴ്ചബംഗ്ളാവില്‍ 2 പേരുണ്ട്. അങ്ങനെ സിന്‍ എന്ന ലോകമുത്തശ്ശി പാണ്ട ഒരു സ്റ്റാര്‍ തന്നെയാണ്. പേര് അന്വര്‍ത്ഥമാക്കും വിധം.