ലൊസാഞ്ചൽസിൽ അറ്റോർണി ഭാര്യയേയും മകനേയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. മകളുടെ നേർക്ക് ഇയാൾ  നിറയൊഴിച്ചെങ്കിലും വാതിൽ അടച്ചു ജനലിലൂടെ ചാടി രക്ഷപ്പെട്ടു.

സെപ്റ്റംബർ 11 ബുധനാഴ്ചയായിരുന്നു സംഭവം. അറ്റോർണി എറിക് ലെർട്ട്മാൻ എന്ന 60–കാരന്‍ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന ഭാര്യ സാന്ദ്രക്കു നേരെയാണ് ആദ്യം വെടിവച്ചത്. തുടർന്ന് തൊട്ടടുത്ത ഹാൾവേയിലുണ്ടായിരുന്ന മകൾക്കു നേരെ വെടിവച്ചെങ്കിലും മകൾ വാതിൽ അടച്ചു ജനലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് 19 വയസുള്ള മകൻ മൈക്കിളിനെ വെടിവച്ചു മാസ്റ്റർ ബെഡ്റൂമിൽ തിരിച്ചെത്തിയ അറ്റോർണി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.

ലൊസാഞ്ചൽസ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മൂന്നു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നുവെന്ന് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. വെടിവയ്ക്കുന്നതിനു അറ്റോർണിയെ പ്രേരിപ്പിച്ചതെന്തെന്ന് അന്വേഷിച്ചുവരുന്നു.

പ്രിയപ്പെട്ടവരുടെ മരണവും ആരോഗ്യപ്രശ്നവും ഒരു പക്ഷേ ഘടകമായിരിക്കാം എന്നു പൊലീസ് പറഞ്ഞു. ഈയിടെ കോളൻ സർജറിക്കു വിധേയനായ ഇയാൾ വേദന സംഹാരി ഗുളികകൾ കഴിച്ചിരുന്നതായി സഹോദരി പറഞ്ഞു. രക്ഷപ്പെട്ട മകളാണു വിവരം പൊലീസിനെ അറിയിച്ചത്.