ഇരച്ചെത്തിയ പ്രതിഷേധക്കാരിൽനിന്നു രക്ഷപ്പെടാൻ യുഎസ് ജനപ്രതിനിധി സഭാംഗങ്ങള്‍ ഭൂർഭ ടണൽ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർക്ക് പരമാവധി കടന്നുവരാൻ കഴിയുന്ന സ്ഥലത്തിനപ്പുറം എത്തിയതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാഹചര്യം നിയന്ത്രിക്കാനായില്ല. ഇതു വ്യക്തമായതോടെയാണ് പാർലമെന്റ് അംഗങ്ങളെ ടണൽ വഴി സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചത്. 

അക്രമങ്ങളെക്കുറിച്ച് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് ഇങ്ങനെ:

കാപിറ്റോളിനു ചുറ്റുമുള്ള പ്രതിഷേധങ്ങള്‍ അതിക്രമത്തിലേക്കു കലാശിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ഗ്രൗണ്ടിന്റെ ഈസ്റ്റ് ഫ്രണ്ടിൽ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ചിലരുടെ കൈവശം ട്രംപ് പതാകയും മറ്റു ചിലരുടെ കൈവശം അമേരിക്കൻ പതാകയും ഉണ്ടായിരുന്നു. 

കാര്യങ്ങൾ വഷളാകുന്നുവെന്നു വ്യക്തമായതോടെ വൈസ് പ്രസിഡ‍ന്റും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് മേധാവിയുമായ മൈക്ക് പെൻസ് ചേംബറിൽനിന്നു പോകുകയാണെന്ന അറിയിപ്പു വന്നു. ഹൗസിനെയും സെനറ്റിനെയും ബന്ധിപ്പിക്കുന്ന റോട്ടുൻഡയുടെ സ്റ്റെപ്പുകളിൽ പ്രതിഷേധക്കാർ കയറി. ഇവരുടെ എണ്ണം നിമിഷംപ്രതി വർധിച്ചുകൊണ്ടിരുന്നു. മന്ദിരത്തിന്റെ ഹാളിൽനിന്ന് സുരക്ഷിതമായ ഓഫിസുകളിലേക്കു എത്രയും പെട്ടെന്നു നീങ്ങണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്റ് അംഗങ്ങൾക്ക് നിർദേശം നൽകി. 

മാധ്യമപ്രവർത്തകരോട് ഹൗസ് ചേമ്പറിലേക്കും നീങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അവിടെയും കാര്യങ്ങൾ സുരക്ഷിതമല്ലായിരുന്നു. എത്രയും പെട്ടെന്ന് ഇവിടെനിന്ന് ഒഴിപ്പിക്കുമെന്നും തയാറായി ഇരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്റ് അംഗങ്ങൾക്കു നിർദേശം നൽകി. എല്ലാ വാതിലുകളും പൂട്ടിയ നിലയിലായിരുന്നു. 

പ്രതിഷേധക്കാരെ നേരിടാനായി വാതകപ്രയോഗം നടത്തിയിട്ടുണ്ടെന്നും അംഗങ്ങൾ ഇരിപ്പിടത്തിനു താഴെവച്ചിരിക്കുന്ന ഗ്യാസ് മാസ്കുകൾ ധരിക്കണമെന്നും നിർദേശം വന്നു. ‘നിങ്ങളുടെ സുഹൃത്ത് ട്രംപിനെ വിളിക്കൂ’, ‘നിങ്ങൾ കാരണമാണ് ഇങ്ങനെയുണ്ടായത്’ എന്നൊക്കെ പല ഡെമോക്രാറ്റ് അംഗങ്ങളും രോഷാകുലരായി റിപ്പബ്ലിക്കൻ അംഗങ്ങളോട് വിളിച്ചുപറഞ്ഞു. തുടർന്ന് അംഗങ്ങളെ പല വഴികളിലൂടെ ഭൂഗർഭ ടണലിലെത്തിക്കുകയും അവിടെനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു.