കടുത്ത സൈബർ ആക്രമണം നേരിട്ട് പാക്കിസ്ഥാന്‍ വനിതാ എംഎൽഎ സാനിയ ആഷിഖ്. സാനിയ ആഷിഖിന്റേത് എന്ന തരത്തിൽ ഒരു അശ്ലീല വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാക്കിസ്ഥാന്റെ ഭാഗമായുള്ള പഞ്ചാബിലെ ടക്സില നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–നവാസ് പാർട്ടിയിൽ നിന്നുള്ള നിയമസഭാംഗമാണ് സാനിയ ആഷിഖ്. സംഭവത്തിൽ സാനിയ പൊലീസിൽ പരാതി നൽകി.
വിശദമായ അന്വേഷണത്തിന് ശേഷം പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തു. ഒക്ടോബറിലാണ് ഈ വിഡിയോയെക്കുറിച്ച് എംഎൽഎ അറിയുന്നത്. അപ്പോൾ തന്നെ സർക്കാരിനെയും കേന്ദ്ര അന്വേഷണ ഏജൻസിയെയും ഇവർ വിവരം അറിയിച്ചു. ഒക്ടോബർ 26–ന് സാനിയ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പക്കൽ പരാതി നൽകി. സോഷ്യൽ മീഡിയയിൽ തന്റേതെന്ന തരത്തിൽ ഒരു അശ്ലീല വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ വിഡിയോയിലുള്ള സ്ത്രീ താനല്ലെന്നും എംഎൽഎ പറയുന്നു. തനിക്ക് നേരെ നടക്കുന്നത് കടുത്ത സൈബർ ആക്രമാണെന്ന് വ്യക്തമാക്കി സാനിയ സോഷ്യൽ മീഡിയയിലൂടെയും രംഗത്തുവന്നു. ഇമ്രാൻ ഖാൻ സർക്കാരിന് മുമ്പാകെയും പരാതി നൽകി. സംഭവത്തെക്കുറിച്ച് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ.
പരാതി സ്വീകരിച്ച അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ലഹോറിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയതു. എന്നാൽ ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ വിഡിയോയിലുള്ള സ്ത്രീ സാനിയ ആണോ അതോ മറ്റാരെങ്കിലുമാണോ എന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിന് പിന്നാലെ സാനിയക്ക് വധഭീഷണി അറിയിച്ചുള്ള ഫോൺ കോളുകൾ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.