പുരുഷൻമാരായ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും താടി വളർത്തിയിരിക്കണം എന്ന കർശന നിർദേശവുമായി താലിബാൻ. വരുന്ന ദിവസങ്ങളിൽ പുരുഷൻമാരായ ഉദ്യോഗസ്ഥർ താടിയും താലിബാൻ മുന്നോട്ടുവച്ച ഡ്രസ് കോഡും പാലിക്കുന്നുണ്ടെന്ന് പരിശോധന നടത്തുമെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് പാലിക്കാത്തവരെ ഓഫിസുകളിൽ പ്രവേശിപ്പിക്കില്ല. വഴങ്ങാത്തവരെ പിരിച്ചുവിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ കുപ്പായവും തൊപ്പിയും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങള്‍ ജീവനക്കാർ ധരിക്കണമെന്നുമാണ് താലിബാൻ നിർദേശിക്കുന്നത്.
അതേസമയം പുരുഷന്മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത് വിലക്കി അഫാഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. രാജ്യത്തെ എയല്‍ലൈന്‍ സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന്‍ സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.ആഭ്യന്തര- അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്നാണ് താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.
പുരുഷ തുണയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായറും തിങ്കളും മാത്രം യാത്ര ചെയ്യാന്‍ അനുമതി നല്‍കി. പഠന ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ തുണയായി പോകണമെന്ന് നേരത്തെ താലിബാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് സ്ത്രീവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചതിലൂടെ താലിബാന്‍ ഇപ്പോള്‍ നേരിടുന്നത്.