അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം മുന്നേറുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന ആരോപണം വിവിധകോണുകളിൽ നിന്ന് വ്യാപകമായി ഉയരുന്നുണ്ട്. ഇതിനിടെ താലിബാൻ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ വീട്ടില്‍ നിന്നും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് താലിബാൻ നേതാവിന്റെ പ്രസ്താവന.
‘പെൺകുട്ടികളെ സ്കൂളിൽ പോകാനും സ്ത്രീകളെ പുറത്തിറങ്ങാനും താലിബാൻ അനുവദിക്കും. പക്ഷേ, സംഘടനക്കെതിരായ പ്രതിഷേധങ്ങളെ അനുവദിക്കില്ല. പ്രിതിഷേധിക്കുന്ന സ്ത്രീകള്‍ വീടിനകത്തു തന്നെ കഴിയേണ്ടി വരും.’ താലിബാന്‍ വക്താവ് സിറാജുദ്ദീൻ ഹക്കാനി വ്യക്തമാക്കി.
അധികാരത്തിൽ എത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാന്‍ ഉറപ്പു നൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയതോടെ താലിബാന്‍ സ്ത്രീകൾക്കെതിരായ നിയമങ്ങൾ കടുപ്പിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് താലിബാന്‍ സ്ത്രീകളെ പുറത്തിറങ്ങുന്നതിൽ നിന്നും വിലക്കുന്നതെന്ന ചോദ്യത്തിനായിരുന്നു സിറാജുദ്ദീൻ ഹക്കാനിയുടെ മറുപടി. ‘ശല്യക്കാരായ സത്രീകളെ വീട്ടിൽ തന്നെ ഇരുത്താനാണ് ഞങ്ങൾ തീരുമാനിച്ചത്.’സിറാജുദ്ദീൻ ഹക്കാനി പറഞ്ഞു. ‘ശല്യക്കാരായ ഈ സ്ത്രീകൾ പറയുന്നത് തമാശയാണ്. നിലവിലുള്ള സർക്കാരിനെതിരെ ഇവരെ ആരൊക്കെയോ പറഞ്ഞുവിടുകയാണ്.’–സിറാജുദ്ദീൻ ഹക്കാനി പറയുന്നു. എഫ്ബിഐയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെടുന്ന ഭീകരവാദിയാണ് സിറാജുദ്ദീൻ ഹക്കാനി. 10 മില്യൻ ഡോളറാണ് ഹക്കാനിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
സ്ത്രീകളോട് ഹിജാബ് ധരിക്കണമെന്ന് ആരും നിർബന്ധിക്കുന്നില്ലെന്നും ഹക്കാനി പറയുന്നു. ‘ ഞങ്ങൾ ഹിജാബ് ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നില്ല. പക്ഷേ, മാന്യമായ വസ്ത്രം ധരിക്കണമെന്ന് അവരെ ഉപദേശിക്കാറുണ്ട്. കാലാകാലങ്ങളിൽ അവരെ പഠിപ്പിക്കാറുണ്ട്. ഹിജാബ് നിർബന്ധമല്ല. പക്ഷേ അത് ഇസ്ലാമികമാണ്. എല്ലാവരും ആ നിയമം പാലിക്കേണ്ടതാണ്.’ സിറാജുദ്ദീൻ ഹക്കാമി വ്യക്തമാക്കി.