ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരായാലും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റുന്നതിനായിരിക്കും പ്രഥമപരിഗണന. ജനങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കേണ്ടതും പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ബ്രിട്ടനില്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷം. വീട്ടുവാടക, വൈദ്യുതി നിരക്ക് എന്നിവയും വന്‍തോതില്‍ ഉയരുന്നു. സാധാരണക്കാരെ ഇത് വന്‍തോതില്‍ ബാധിച്ചുകഴിഞ്ഞു. ലിസ് ട്രസിന്റെ കാലത്ത് അവതരിപ്പിച്ച മിനി ബജറ്റ് സൃഷ്ടിച്ച ആഘാതം അതിലേറെ. പെന്‍ഷന്‍ വിതരണം പോലും മുടങ്ങുന്ന സ്ഥിതവിശേഷമുണ്ടായി.
അടിയന്തര ഇടപെടല്‍ നടത്തിയാലെ സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്താനാവു. എന്നാല്‍ അതിന് കടുത്ത നടപടികള്‍ വേണ്ടിവന്നേക്കാം. വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കേണ്ടിവന്നാല്‍ അത് ജനവികാരം എതിരാക്കും. പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. ശൈത്യകാലം എത്തിയതോടെ ഊര്‍ജപ്രതിസന്ധിയും രാജ്യത്തെ ബാധിക്കുന്നുണ്ട്. യുക്രെയ്ന്‍– റഷ്യ യുദ്ധം, കോവിഡ് നിയന്ത്രണങ്ങള്‍ എന്നിവ വ്യവസായ മേഖലയെയും മുരടിപ്പിലേക്ക് നയിച്ചു. മറുവശത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നഷ്ടപ്പെട്ട സ്വീകാര്യത തിരികെ കൊണ്ടുവരിക എന്നതും ഭാരിച്ച ഉത്തരവാദിത്തമാണ്.
പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ പെട്ട് ബോറിസ് ജോണ്‍സനും ഇപ്പോള്‍ തെറ്റായ നയങ്ങവുടെ പേരില്‍ ലിസ് ട്രസും പിടിയറങ്ങുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റേറ്റിങ്ങ് വലിയതോതില്‍ ഇടിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട പ്രതിഛായ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടെടുക്കാനായില്ലെങ്കില്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണ്. പാര്‍ട്ടി എം.പിമാര്‍ക്കിടയിലെ ഭിന്നതയും പരിഹരിക്കേണ്ടതുണ്ട്.