russia-dam

TAGS

തെക്കൻ യുക്രെയ്നിലെ നോവ കഖോവ്ക അണക്കെട്ട് തകർക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറാൻ റഷ്യയ്ക്കു മുന്നറിയിപ്പു നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചു. ഹേഴ്സൻ നഗരം പിടിക്കാനായി ഡിനിപ്രോ നദിക്കരയിലൂടെ മുന്നേറുന്ന യുക്രെയ്ൻ സേനയെ തടയാനുള്ള റഷ്യയുടെ ശ്രമമാണ് നോവ കഖോവ്ക അണക്കെട്ടിനു ഭീഷണിയാവുന്നത്. അണക്കെട്ട് തകർന്നാൽ 2014 ൽ റഷ്യ പിടിച്ച ക്രൈമിയ ഉൾപ്പെടെ തെക്കൻ യുക്രെയ്നിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകുമെന്നും വൻദുരന്തത്തിനിടയാക്കുന്ന ഈ ഭീകരപ്രവർത്തനത്തിൽ നിന്ന് റഷ്യ പിന്മാറണമെന്നും സെലെൻസ്കി അഭ്യർഥിച്ചു. 

 

8 മാസം പിന്നിട്ട അധിനിവേശത്തിന് കഴിഞ്ഞ മാസങ്ങളിൽ യുക്രെയ്ൻ പാശ്ചാത്യ ആയുധ സഹായത്തോടെ കനത്ത തിരിച്ചടി നൽകിത്തുടങ്ങിയതോടെ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കയാണ്. ക്രൂസ് മിസൈലുകളും ഇറാൻ നിർമിത ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്ൻ നഗരങ്ങളിൽ തുടർച്ചയായ ആക്രമണമാണ്. യുക്രെയ്നിന്റെ വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണം ഉണ്ടായി. തലസ്ഥാനമായ കീവ് ഉൾപ്പെടെ യുക്രെയ്നിന്റെ പലഭാഗത്തും വൈദ്യുതിയില്ലാതെ ജനം ദുരിതത്തിലാണ്.