പ്രകൃതി ദുരന്തത്തിന് ഇരയാവുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനായി ഫണ്ട് രൂപീകരിക്കാനുള്ള ചരിത്ര തീരുമാനവുമായി സി.ഒ.പി. 27 കാലാവസ്ഥാ ഉച്ചകോടിക്ക് കൊടിയിറങ്ങി. വികസിത രാജ്യങ്ങളാണ് പണം നല്‍കേണ്ടത്. അതേസമയം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം തടയുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളൊന്നും അന്തിമ കരാറിലില്ല.
ആഗോള താപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമാണ് പലയിടത്തും പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം. ഇതിന്റെ ഫലമനുഭവിക്കുന്നതാവട്ടെ ഏറെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളും. ഈ സാഹചര്യത്തിലാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്ന രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ഉച്ചകോടിയില്‍ ധാരണായയത്. ദ്വീപു രാഷ്ട്രങ്ങളടക്കം ഏറെക്കാലമായുള്ള ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതോടെ യാദാര്‍ഥ്യമാകുന്നത്. എന്നാല്‍ എങ്ങനെയാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നോ വിതരണം ചെയ്യുന്നതിന്റെ മാനദണ്ഡമോ കരാറില്‍ ഇല്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമിതി രൂപീകരിക്കും എന്നുമാത്രമാണ് പറയുന്നത്. ആഗോള താപനം 1.5 ഡിഗ്രിയില്‍ നിര്‍ത്തണമെന്ന് പറയുമ്പോഴും ഹരിതഗൃഹ വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച് കാര്യമായ പ്രഖ്യാപനങ്ങള്‍ അന്തിമ കരാറില്‍ ഇല്ലാത്ത് നിരാശപ്പെടുത്തി. ഈജിപ്റ്റിലെ ഷറം അല്‍ ഷെയ്ഖില്‍ നടന്ന സി.ഒ.പി. 27 ഉച്ചകോടിയില്‍ 200 രാജ്യങ്ങളില്‍നിന്നായി മുപ്പതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. അന്തിമ കരാറില്‍ തീരുമാനം വൈകിയതോടെ നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് സി.ഒ.പി. 27 സമാപിച്ചത്.