അതിമാനുഷനായും ബഹിരാകാശ സഞ്ചാരിയായും റേസിങ് കാർ ഡ്രൈവറായുമെല്ലാം വേഷമിട്ട ഡിജിറ്റൽ ട്രേഡിങ് കാർഡുകൾ പുറത്തിറക്കി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ കരിയറും ജീവിതവും ഈ ലിമിറ്റഡ് എഡിഷൻ കാർഡുകളിലാണെന്നും എൻ.എഫ്.ടി പുറത്തിറക്കി ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാനപ്പെട്ട കാര്യം എല്ലാവരോടും പറയാനുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വന്തം പാർട്ടിക്കാർ പോലും ട്രംപിന്റെ പ്രമോഷനൽ വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

 

'ട്രൂത്ത് സോഷ്യൽ' എന്ന തന്റെ സ്വന്തം സമൂഹമാധ്യമത്തിലാണ് ട്രംപ് വിഡിയോ പുറത്ത് വിട്ടത്. ന്യൂയോർക്കിലെ ട്രംപ് ടവറിന് മുന്നിൽ നിൽക്കുന്ന ട്രംപിനെയാണ് പ്രമോഷനൽ വിഡിയോയിൽ കാണാൻ കഴിയുക. പാതി തുറന്ന ഷർട്ടിനുള്ളിൽ 'T' അടയാളത്തോട് കൂടിയ സൂപ്പർ ഹീറോവേഷവും കണ്ണുകളിൽ നിന്ന് ലേസർ രശ്മികൾ പുറപ്പെടുന്നതുമാണ് ഒരു കാർഡിലുള്ളത്. എൻ.എഫ്.ടി അഥവാ കൈമാറ്റം ചെയ്യാനാവാത്ത ടോക്കനുകൾ (Non-fungible tokens)  ബേസ്ബോൾ കാർഡ് പോലെയാണെന്നും അതിലും രസകരമാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു. 99 ഡോളർ വിലയുള്ള കാർഡ് ക്രിസ്മസ് സമ്മാനമായാണ് ട്രംപ് അവതരിപ്പിച്ചത്. കാർഡുകൾ സ്വന്തമാക്കുന്നവരിലെ ഭാഗ്യശാലികൾക്ക്  ട്രംപിനൊപ്പം അത്താഴം കഴിക്കാനോ, ഗോൾഫ് കളിക്കാനോ ഉള്ള 'അസുലഭ' അവസരം ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോ ആസ്തിയാണ് എൻഎഫ്ടി. മറ്റ് ക്രിപ്റ്റോ ആസ്തികളുമായി ഇത് കൈമാറ്റം ചെയ്യാനുമാവില്ല. കൈമാറ്റം ചെയ്യാനോ, പകരം വയ്ക്കാനോ, വിഭജിക്കാനോ കഴിയാത്തതും ബ്ലോക്ക് ചെയിനിൽ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ തിരിച്ചറിയൽ ടോക്കനെന്നും എൻഎഫ്ടിയെ പറയാം. ബ്ലോക്ക്ചെയിൻ വിപണിയിൽ ആധികാരികയും ഉടമസ്ഥതയും അറിയാനാണ് ഇത് ഉപയോഗിച്ച് വരുന്നത്.  

 

വലിയ വിമർശനമാണ് ട്രംപിന്റെ എൻഎഫ്ടി പ്രമോഷനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഉയരുന്നത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് ആരെങ്കിലും പ്രവർത്തിച്ചവർ പാർട്ടിയിൽ ഉണ്ടെങ്കിൽ ഉടനടി പുറത്താക്കുമെന്ന് ട്രംപിന്റെ മുൻ സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനോൻ തുറന്നടിച്ചു. പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ളവർ ട്രംപിനെ പരിഹസിച്ചും രംഗത്തെത്തി. 

 

 അതേസമയം, ഡിജിറ്റൽ ട്രേഡിങ് കാർഡുകൾ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉപയോഗിക്കാനാവില്ലെന്ന് എൻഎഫ്ടി സൈറ്റുകൾ പറയുന്നു. ഒരുതരത്തിലുള്ള രാഷ്ട്രീയവും എൻഎഫ്ടി കാർഡുകൾക്കില്ലെന്നും എൻഎഫ്ടിയെ നിയന്ത്രിക്കുന്നത് ഡോണൾഡ് ട്രംപ് അല്ലെന്നും കമ്പനി വ്യക്തമാക്കി. 

 

Donald Trump launches NFT