യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കുന്നത് പരിഗണനയിലെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്. ജൂലൈയിൽ ചേരുന്ന നാറ്റോ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായി കീവിലെത്തിയതാണ് നാറ്റോ മേധാവി. വിഡിയോ റിപ്പോർട്ട് കാണാം. 

 

ഇന്നലെ കീവിലെത്തിയ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യം സെലന്‍സ്കി വിശദീകരിച്ചു. തുടര്‍ന്ന് ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് യുക്രെയ്ന്റെ നാറ്റോ അംഗത്വത്തെ സ്റ്റോള്‍ട്ടന്‍ബര്‍ഗ് പിന്തുണച്ചത്. ജൂലൈയില്‍ ലിത്വാനിയയില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തിന്റെ അജന്‍ഡയില്‍ യുക്രെയ്ന് അംഗത്വം നല്‍കുന്ന കാര്യം ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ഇതുവരെ യുക്രെയ്ന് 150 ബില്ല്യന്‍ യൂറോ സഹായമായി നല്‍കിയിട്ടുണ്ട്. ഇതില്‍ 65 ബില്ല്യന്‍ യൂറോ സൈനിക സഹായമായിരുന്നു. നാറ്റോ സഖ്യരാജ്യങ്ങള്‍   യുക്രെ്യ്ന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. 

 

നാറ്റോ മേധാവിയുടെ സന്ദര്‍ശനം യുക്രെയ്നുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം രചിക്കുമെന്ന് പ്രസിഡന്റ് വലോദിമര്‍ സെലന്‍സ്കി പറഞ്ഞു. നാറ്റോയിലെ ഭൂരിഭാഗം അംഗങ്ങളും യുക്രെയ്നെ സ്വാഗതം ചെയ്യുന്നുണ്ടെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യന്‍ സൈന്യം കൂട്ടക്കൊല നടത്തിയ ബുച്ചയിലും നാറ്റോ സെക്രട്ടറി ജനറല്‍ സന്ദര്‍ശനം നടത്തി.