ഊബര്‍ ആപ്പ് ഉപയോഗിച്ച് കാനഡയില്‍ നിന്നും എണ്ണൂറിലേറെ ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജന് 45 മാസത്തെ തടവുശിക്ഷ. രജീന്ദര്‍പാല്‍ സിങ് എന്നയാളെയാണ് യുഎസ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. മനുഷ്യക്കടത്ത് ശൃംഖലയിലെ സുപ്രധാന കണ്ണിയായിരുന്നു രജീന്ദറെന്നും ഇത്തരത്തില്‍ ഇയാള്‍ അഞ്ച് കോടിയോളം രൂപ സമ്പാദിച്ചുവെന്നും ഡിപാര്‍ട്മെന്റ് ഓഫ് ജസ്റ്റീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നാല് വര്‍ഷം കൊണ്ടാണ് എണ്ണൂറോളം പേരെ ഇയാള്‍ അതിര്‍ത്തി കടത്തി വാഷിങ്ടണിലേക്ക് മാത്രം എത്തിച്ചത്. ഒരാളില്‍ നിന്ന് 70,000 യുഎസ് ഡോളര്‍ വീതം ഇയാള്‍ കൈപ്പറ്റിയിരുന്നുവെന്നും യുഎസില്‍ എത്തി പിന്നീടുള്ള കാലം നന്നായി ജീവിക്കാമെന്ന പ്രതീക്ഷയില്‍ ആളുകള്‍ ഈ പണം നല്‍കിപ്പോന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 2018 മെയ് പകുതി മുതല്‍ മെയ് 2022 വരെ 600 ട്രിപ്പാണ് ഇയാള്‍ ഊബര്‍ വഴി ബുക്ക് ചെയ്തത്. യാത്ര ബുക്ക് ചെയ്യുന്നതിനായി 17ലേറെ ഊബര്‍ അക്കൗണ്ടുകള്‍ സംഘം ഉപയോഗിച്ചു വന്നിരുന്നു. കാനഡയുടെ വടക്കൻ അതിർത്തി വഴി അനധികൃതമായി സിയാറ്റിൽ മേഖലയിൽ എത്തുന്നവരെ രജീന്ദറും കൂട്ടരും ചേർന്ന് ഊബർ കാറുകള്‍ വഴി വാഷിങ്ടണിലേക്ക് എത്തിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇയാളുടെ കലിഫോര്‍ണിയയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 45,000 യുഎസ് ഡോളറും തിരിച്ചറിയല്‍ രേഖകളും അന്വേഷണസംഘം കണ്ടെടുത്തു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ രജീന്ദറിനെ നാടുകടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Indian origin smuggled over 800 people to US using Uber , jailed