2023ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ പുരസ്കാരം ലഭിച്ച നര്‍ഗിസ് മൊഹമ്മദി നിലവില്‍ ഇറാനിലെ ടെഹ്റാനില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്‍റെ പേരിലാണ് 51 കാരിയായ നര്‍ഗിസിനെ ഇറാന്‍ ജയിലിലടച്ചിരിക്കുന്നത്. പുരസ്കാരം പ്രഖ്യാപിച്ചതോടെ സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയായിരിക്കുകയാണ് നര്‍ഗിസ് മൊഹമ്മദി. ഇതിനകം തന്നെ നര്‍ഗിസ് മൊഹമ്മദി 13 തവണ അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ച് തവണ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 31 വർഷം തടവും 154 ചാട്ടവാറടിയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് നൊബേൽ പുരസ്കാരങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതകാലമത്രയും ഉഴിഞ്ഞുവച്ചയാളുമാണ് നര്‍ഗിസ് മൊഹമ്മദി. ജയിലില്‍ ആയിരുന്നിട്ടുകൂടിയും ഇറാനിയന്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നര്‍ഗിസ് സഭീവമായിരുന്നു. ഇറാനെ പിടിച്ചുകുലുക്കിയ പല പ്രക്ഷോഭങ്ങളും സ്ത്രീകളുടെ നേതൃത്വത്തില്‍ നര്‍ഗിസ് സംഘടിപ്പിച്ചു. ഇതിനായി നിരന്തരം എഴുതുകയും വനിതാ തടവുകാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായിട്ട് ഇറാനിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഇവര്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്.
വിദ്യാഭ്യാസം, നയരൂപീകരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇറാനിലെ സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനാണ് നര്‍ഗിസ് ശ്രമിച്ചുകൊണ്ടിരുന്നത്. ആഗോള തലത്തില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയും അംഗീകാരവും തന്നെ കൂടുതല്‍ പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാകാന്‍ സഹായിക്കുന്നുവെന്നും സമൂഹത്തിലുള്ള തന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നുമാണ് നര്‍ഗിസ് ഒരിക്കല്‍ ന്യൂയോർക്ക് ടൈംസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞത്. എന്നാല്‍ തന്‍റെ പരിശ്രമങ്ങള്‍ക്ക് നര്‍ഗിസിന് കൊടുക്കേണ്ടിവന്നതാകട്ടെ വലിയ വിലയാണ്. കഴിഞ്ഞ എട്ടു വർഷമായി കുടുംബത്തെയും മക്കളെയും കാണാതെ ജയില്‍വാസം അനുഭവിക്കുകയാണ് നര്‍ഗിസ്.
നര്‍ഗിസിന്‍റെ ഭർത്താവും സഹപ്രവർത്തകനുമായ ടാഗി റഹ്മാനിയും അവരുടെ 16 വയസ്സുള്ള ഇരട്ടക്കുട്ടികളും ഫ്രാൻസിൽ പ്രവാസ ജീവിതം നയിക്കുകയാണ്. അതേസമയം സമാധാനത്തിനുള്ള നൊബേല്‍ നര്‍ഗിസിന്‍റെ പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്നാണ് ഭര്‍ത്താവ് പ്രതികരിച്ചത്. ‘നീതിയില്ലാത്ത നിയമങ്ങളുള്ള സമൂഹത്തിൽ പതിറ്റാണ്ടുകളായി മാറ്റത്തിനായി പോരാടുന്ന എല്ലാ മനുഷ്യാവകാശ പ്രവർത്തകർക്കും ഇറാനിലെ സ്ത്രീകളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമായി പോരാടുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കുമുള്ള അംഗീകാരമാണിതെന്നും ടാഗി റഹ്മാന്‍ പറഞ്ഞു.
മധ്യ ഇറാനിയൻ നഗരമായ സഞ്ജാനിലെ ഇടത്തരം കുടുംബത്തില്‍ 1972 ലാണ് നര്‍ഗിസിന്‍റെ ജനനം. കുട്ടിക്കാലത്ത് നര്‍ഗിസിന്‍റ അമ്മ അവളുടെ സഹോദരനും മുത്തശ്ശിക്കുമൊപ്പം ജയിലില്‍ കഴിയുന്ന തടവുകാരെ കാണാന്‍ പഴങ്ങളുമായി പോകുന്നത് നിത്യകാഴ്ചയായിരുന്നു. ഓരോ ദിവസവും വധശിക്ഷയ്ക്ക് വിധേയരായ തടവുകാരുടെ പേരുകൾ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ബാല്യകാലത്തിലെ ഈ ഓര്‍മകളില്‍ നിന്നാണ് മനുഷ്യാവകാശപ്രവർത്തക എന്ന നിലയിലേക്കുള്ള നര്‍ഗിസിന്‍റെ പാത തുറക്കുന്നത്. ഇറാനിലെ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നര്‍ഗിസ് പഠനകാലത്തു തന്നെ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് മറ്റൊരു മനുഷ്യാവകാശ പ്രവർത്തകന്‍ കൂടിയായ പങ്കാളി ടാഗി റഹ്മാനിയെ കണ്ടുമുട്ടുന്നത്.
ഈ വർഷത്തെ ന്യൂയോർക്ക് ഗാലയിലെ പെന്‍ ഫ്രീഡം ടു റൈറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നര്‍ഗിസിനെ തേടിയെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ച മൂന്ന് പേരിൽ ഒരാളും നര്‍ഗിസായിരുന്നു. ജയിലിലെ മതിലുകൾ എന്റെ കാഴ്ചയെ തടയുന്നുണ്ടെങ്കിലും അതിനപ്പുറത്തെ ചക്രവാളത്തിലേക്കും ഭാവിയിലേക്കും എനിക്ക് നോക്കാനുണ്ടെന്നാണ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഒരിക്കല്‍ നര്‍ഗിസ് പറഞ്ഞത്’.
Iranian human rights activist Narges Mohammadi has been awarded the Nobel Peace Prize 2023 for her fight against the oppression of women.