NargesMohammadi02

തടവില്‍ കഴിയുന്ന 2023 ലെ സമാധാന നൊബേല്‍ ജേതാവ് നർഗീസ് മുഹമ്മദിക്കു വേണ്ടി നൊബേൽ പുരസ്കാരം മക്കള്‍ ഏറ്റുവാങ്ങും. നര്‍ഗിസ് മുഹമ്മദിയുടെ 17 വയസ്സുള്ള ഇരട്ടക്കുട്ടികളായ അലിയും കിയാനിയും ചേര്‍ന്നായിരിക്കും പുരസ്കാരം ഏറ്റുവാങ്ങുക. തുടർന്ന് നർഗീസ് തയാറാക്കിയ പ്രസംഗം വായിക്കുകയും ചെയ്യും. നോർവൻ തലസ്ഥാനമായ ഓസ്‍ലോയിലെ സിറ്റി ഹാളിൽ ഞായറാഴ്ച പ്രാദേശിക സമയം രാത്രി 12നാണ് പുരസ്കാര വിതരണം. 

NargesMohammadi01

 

NargesMohammadi04

അതേസമയം മക്കള്‍ നൊബേൽ പുരസ്കാരം ഏറ്റുവാങ്ങുന്ന അതേ ദിവസം ഇറാനിൽ വിവേചനം നേരിടുന്ന മതന്യൂനപക്ഷമായ ബഹായ് സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തടവറയിൽ നര്‍ഗീസ് നിരാഹാരസമരം അനുഷ്ഠിക്കുമെന്ന് കുടുംബം അറിയിച്ചു. 2021 മുതൽ ടെഹ്‌റാനിലെ എവിൻ ജയിലിലാണ് നര്‍ഗിസ്. നര്‍ഗിസിന്‍റെ ഭർത്താവും സഹപ്രവർത്തകനുമായ ടാഗി റഹ്മാനിയും അവരുടെ ഇരട്ടക്കുട്ടികളും ഫ്രാൻസിൽ പ്രവാസ ജീവിതം നയിക്കുകയാണ്. എട്ടു വര്‍ഷമായി കുട്ടികള്‍ തങ്ങളുടെ മാതാവിനെ കണ്ടിട്ടില്ല.

NargesMohammadi03

 

NargesMohammadi05

സ്ത്രീകളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും വേണ്ടി ത്യാഗം ചെയ്യേണ്ടിവരാം, ചിലപ്പോള്‍ ജീവന്‍ നല്‍കുകയും വേണ്ടിവരാം. എങ്കില്‍ അതും മൂല്യവത്തായ കാര്യമാണ്. ഇരട്ട കുട്ടികളില്‍ ഒരാളായ കിയാന മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരുപക്ഷേ മുപ്പതോ നാല്‍പ്പതോ വര്‍ഷത്തിനുള്ളില്‍ ഞാന്‍ എന്‍റെ മാതാവിനെ കാണും, അല്ലെങ്കില്‍  ഇനി കാണുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ എന്‍റെ അമ്മ എപ്പോഴും എന്‍റെ ഹൃദയത്തിലും എന്‍റെ കുടുംബത്തോടൊപ്പം ഉണ്ടാകും അലി പറയുന്നു.  “വിജയം എളുപ്പമല്ല, പക്ഷേ അത് ഉറപ്പാണ്,” അമ്മയെ ഉദ്ധരിച്ച് അലി പറഞ്ഞു.

Narges

 

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതകാലമത്രയും ഉഴിഞ്ഞുവച്ചയാളുമാണ് നര്‍ഗിസ് മൊഹമ്മദി. ജയിലില്‍ ആയിരുന്നിട്ടുകൂടിയും ഇറാനിയന്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നര്‍ഗിസ് സഭീവമായിരുന്നു. ഇറാനെ പിടിച്ചുകുലുക്കിയ പല പ്രക്ഷോഭങ്ങളും സ്ത്രീകളുടെ നേതൃത്വത്തില്‍ നര്‍ഗിസ് സംഘടിപ്പിച്ചു. ഇതിനായി നിരന്തരം എഴുതുകയും വനിതാ തടവുകാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായിട്ട് ഇറാനിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഇവര്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്.

 

ഒക്ടോബര്‍ ആദ്യവാരം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുമ്പോഴും നര്‍ഗിസ് മൊഹമ്മദി ഇറാനിലെ ടെഹ്റാനില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്നു. രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്‍റെ പേരിലാണ് 51 കാരിയായ നര്‍ഗിസിനെ ഇറാന്‍ ജയിലിലടച്ചിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയാണ് നര്‍ഗിസ് മൊഹമ്മദി. ഇതിനകം തന്നെ നര്‍ഗിസ് മൊഹമ്മദി 13 തവണ അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ച് തവണ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 31 വർഷം തടവും 154 ചാട്ടവാറടിയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് നൊബേൽ പുരസ്കാരങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്.

 

 

മധ്യ ഇറാനിയൻ നഗരമായ സഞ്ജാനിലെ ഇടത്തരം കുടുംബത്തില്‍ 1972 ലാണ് നര്‍ഗിസിന്‍റെ ജനനം. ഇറാനിലെ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നര്‍ഗിസ് പഠനകാലത്തു തന്നെ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ വർഷത്തെ ന്യൂയോർക്ക് ഗാലയിലെ പെന്‍ ഫ്രീഡം ടു റൈറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നര്‍ഗിസിനെ തേടിയെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ച മൂന്ന് പേരിൽ ഒരാളും നര്‍ഗിസായിരുന്നു. ജയിലിലെ മതിലുകൾ എന്റെ കാഴ്ചയെ തടയുന്നുണ്ടെങ്കിലും അതിനപ്പുറത്തെ ചക്രവാളത്തിലേക്കും ഭാവിയിലേക്കും എനിക്ക് നോക്കാനുണ്ടെന്നാണ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഒരിക്കല്‍ നര്‍ഗിസ് പറഞ്ഞത്.

 

On absence of Nobel Peace Prize winner Narges Mohammadi, who is currently in prison, her children will receive prize on her behalf.